ന്യൂഡൽഹി : ഈ വർഷം ഡെങ്കി ബാധിച്ചവരുടെ എണ്ണം നഗരത്തിൽ നാല്പതായി ഉയർന്നു. ജനുവരി ഒന്നു മുതൽ ജൂലായ് 17 വരെയുള്ള സ്ഥിതി വിലയിരുത്തിയാണ് ഈ കണക്ക്. ജൂലായിൽ നാലു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നോഡൽ ഏജൻസിയായ തെക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

2019-ൽ 32 പേർക്കായിരുന്നു രോഗബാധ. അതിനു ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം വർധിച്ചതെന്നാണ് വിലയിരുത്തൽ. ഡെങ്കി ബാധിതർ കൂടുന്ന പശ്ചാത്തലത്തിൽ കൊതുകുവളർച്ച കണ്ടെത്തി തടയാനുള്ള പരിശോധനയും മുനിസിപ്പൽ കോർപ്പറേഷനുകൾ ഊർജിതമാക്കി.

നഗരത്തിലെ 1441 നിർമാണ മേഖലകളിൽ പരിശോധന നടത്തിയതായി കോർപ്പറേഷൻ അറിയിച്ചു.

ഇതിൽ 334 കേന്ദ്രങ്ങളിൽ കൊതുകുവളർച്ച കണ്ടെത്തി. ഉടമകൾക്കും കരാറുകാർക്കുമെതിരെ പൊതുജനാരോഗ്യ വകുപ്പ് കർശന നടപടിയെടുത്തു. ഇതിന്റെ ഭാഗമായി 160 ലീഗൽ നോട്ടീസും 175 ചലാനും നൽകി.

ഭൈറോ മാർഗിലെ നിർമാണകേന്ദ്രം, സരായ് കലേഖാനിലെ റിലയൻസ് കൺസ്‌ട്രേക്ഷൻ കേന്ദ്രം, ആഫ്‌കോൺ കൺസ്ട്രക്ഷൻ സ്ഥലം, ദ്വാരക സെക്ടർ 11ലെ സാഹിത്യ അക്കാദമി, ദ്വാരകയിലെ ഡൽഹി സർക്കാർ ഡിസ്‌പെൻസറി, ഹരിനഗറിലെ സർക്കാർ സ്കൂൾ, ഐ.ടി.പി.ഒ. കോംപ്ലക്സിലെ ഷാപ്പൂർജി പല്ലോൻജി നിർമാണമേഖല എന്നിവയാണ് നിയമലംഘനം നടന്നതിൽ പ്രധാനപ്പെട്ടവ. ജനുവരിയിൽ ഡെങ്കി കേസുകളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല. ഫെബ്രുവരിയിൽ രണ്ട്, മാർച്ചിൽ അഞ്ച്, ഏപ്രിലിൽ പത്ത്, മേയിൽ 12, ജൂണിൽ ഏഴ് എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ എണ്ണം.

മുൻവർഷങ്ങളിലെ കണക്കെടുത്താൽ 2016ൽ 50, 2017-ൽ 98, 2018-ൽ 43, 2019-ൽ 32, 2020-ൽ 28 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഈ വർഷം ഇതുവരെ ഡെങ്കി മരണങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല. ഈ വർഷം 17 പേർക്കു മലേറിയയും പത്തു പേർക്കു ചിക്കുൻഗുനിയയും ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.