ന്യൂഡൽഹി : കോരിച്ചൊരിഞ്ഞ കാലവർഷത്തെ തുടർന്ന് തലസ്ഥാനം മഴക്കുളിരിൽ. എന്നാൽ, വെള്ളക്കെട്ട് രൂക്ഷമായതോടെ പലയിടങ്ങളിലും മണിക്കൂറുകൾ വാഹനക്കുരുക്കും കാണപ്പെട്ടു. അടിപ്പാതയിൽ സെൽഫിയെടുക്കാനുള്ള പരിശ്രമത്തിനിടെ പ്രഹ്ലാദ്പുരിൽ യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചത് മഴക്കെടുതിയിലെ ദുരന്തമായി. കഴിഞ്ഞ 24 മണിക്കൂറിൽ 70 മില്ലീ മീറ്റർ മഴ രേഖപ്പെടുത്തിയെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ വിലയിരുത്തൽ.

ഐ.ടി.ഒ., റിങ് റോഡ്, മഥുര റോഡ് തുടങ്ങിയ തന്ത്രപ്രധാന പാതകളിലെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഔട്ടർ ഡൽഹിയിലെ നരേല-ലാംപുർ അടിപ്പാത, പ്രഗതി മൈതാൻ ഏരിയ, കിരാരി, റോഥക്ക് റോഡ്, ദൗള കുവ, കിഷൻഗഞ്ജ് റെയിൽപ്പാലം, കാപ്പസേഡ അടിപ്പാത, ആസാദ്പുർ അടിപ്പാത, കഞ്ജാവ്‌ല-ജോണ്ഡി റോഡ്, വികാസ് മാർഗ്, ഗീത കോളനി, നരേല രാംദേവ് ചൗക്ക് തുടങ്ങിയ പാതകളെല്ലാം വെള്ളത്തിൽ മുങ്ങി. നഗരത്തിലെ 37 പ്രദേശങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടെന്നാണ് മുനിസിപ്പൽ കോർപ്പറേഷനുകളുടെ കണക്ക്. ലാജ്പത് നഗർ രണ്ട്, ദരിയാഗഞ്ജ്, ആർ.കെ.പുരം, ഹൗസ് ഖാസ്, സാകേത്, ജനക്പുരി, തിലക് നഗർ എന്നിവിടങ്ങളൊക്കെ വെള്ളക്കെട്ടുണ്ടായി.

കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിലായി 19 മരങ്ങൾ കട പുഴകി വീണു. ആറിടത്ത് മതിലിടിഞ്ഞു. ഇതെല്ലാം തെക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലായിരുന്നു.

വടക്കൻ ഡൽഹി കോർപ്പറേഷനിൽ വെള്ളക്കെട്ടിനെക്കുറിച്ച് ഏഴു പരാതികൾ ലഭിച്ചു. നജഫ്ഗഢ് മെയിൻ മാർക്കറ്റ്, നരേല ഡി.എസ്.ഐ.ഡി.സി മാർക്കറ്റ്, മുണ്ട്ക വ്യവസായ മേഖല, ദ്വാരക, സദർബസാർ, കമല നഗർ മാർക്കറ്റ്, സംഗം വിഹാർ, സോം വിഹാർ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടന്നു ജനങ്ങൾ ദുരിതത്തിലായെന്നാണ് പരാതികൾ. പലരും വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

മില്ലെനിയം പാർക്ക്, സരായ് കലേഖാൻ, ആസാദ്പുർ, തിക്രി റോഡ്, കിലോക്രി, ഐ.പി ഫ്‌ളൈ ഓവർ, മുകർബ ചൗക്ക്, അപ്‌സര ബോർഡർ, യമുന ബ്രിഡ്ജ് തുടങ്ങിയ ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ഒന്നര മണിക്കൂർ വഴിയിൽ കിടന്ന ശേഷമാണ് ദിൽഷാദ് കോളനിയിൽ നിന്നും ഐ.ടി.ഒയിലെ ഓഫീസിൽ എത്തിയതെന്ന് ആദായനികുതി വകുപ്പിൽ ജീവനക്കാരനായ മോഹിത് തോമർ ദുരിതം പങ്കുവെച്ചു. രാവിലെ പുറപ്പെട്ട് ഉച്ചയോടെയാണ് ഓഫീസിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. അപ്‌സര ബോർഡർ, വെൽക്കം, സീലംപുർ എന്നിവിടങ്ങളിലൊക്കെ വലിയ തോതിൽ ഗതാഗതക്കുരുക്കു കാണപ്പെട്ടെന്ന് ബാങ്ക് ജീവനക്കാരനായ സുനിൽ യാദവ് പറഞ്ഞു.

അതേസമയം, വെള്ളക്കെട്ട് പരാതികൾ മുൻഗണനാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നുണ്ടെന്ന് പൊതുമരാമത്തു വകുപ്പ് അറിയിച്ചു.