ന്യൂഡൽഹി: ഇന്ത്യൻ റിലേ ടീം ടോക്യോ ഒളിമ്പിക്സിൽ കുതിക്കുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാം. ഡൽഹി മലയാളികൾക്ക് പ്രത്യേകിച്ചും. പുരുഷൻമാരുടെ 4× 400 മീറ്റർ റിലേയിൽ പങ്കെടുക്കുന്ന നാല് മലയാളി താരങ്ങളിലൊരാൾ ഡൽഹിയിലെ അമോജ് ജേക്കബാണ്.

ഡൽഹി രോഹിണിയിൽ താമസിക്കുന്ന കോട്ടയം രാമപുരം സ്വദേശി പി.എ. ജേക്കബിന്റേയും അംബേദ്കർ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസർ മേരിക്കുട്ടിയുടേയും മകനാണ് ഇന്ത്യയ്ക്ക് തന്നെ അഭിമാനമായി മാറിയ അമോജ്. 2017-ലെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ റിലേ ടീമിലും അമോജ് ഉണ്ടായിരുന്നു.

ടോക്യോ ഒളിമ്പിക്സിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, തമിഴ്‌നാട് സ്വദേശി ആരോക്യ രാജീവ് എന്നിവർക്കൊപ്പമാണ് അമോജ് മത്സരിക്കുന്നത്. മൂന്ന് മിനിറ്റും രണ്ട് സെക്കൻഡുമായിരുന്നു ഈ ഇനത്തിലെ ഒളിമ്പിക് യോഗ്യതാ മാർക്ക്. കഴിഞ്ഞ ദേശീയ അന്തർസംസ്ഥാന ചാമ്പ്യൻഷിപ്പിൽ 3:01.89 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ റിലേ ടീം ഒളിമ്പിക് യോഗ്യത നേടിയത്.

രോഹിണിയിലെ സെയ്ന്റ് സേവ്യേഴ്‌സ് സ്കൂളിൽ പഠിക്കവേ അവിടത്തെ കായികാധ്യാപകൻ അരവിന്ദ് കപൂറാണ് അമോജിലെ ഓട്ടക്കാരനെ കണ്ടെത്തിയത്. പിന്നീട് ദേശീയ ക്യാമ്പിലെത്തിക്കുംവരെ അദ്ദേഹമായിരുന്നു അമോജിന്റെ പരിശീലകൻ.

ഡൽഹി ഖൽസ കോളേജിൽനിന്ന് ബി.കോം പൂർത്തിയാക്കിയ അമോജ് കഴിഞ്ഞ രണ്ടുവർഷമായി ഒളിമ്പിക്സ് മുന്നിൽക്കണ്ടുള്ള പരിശീലനത്തിനായി പട്യാലയിലെ ദേശീയക്യാമ്പിലാണ്. അടുത്തദിവസംതന്നെ അമോജും സംഘവും ടോക്യോയിലേക്ക് തിരിക്കും.

അമോജിന്റെ ഏക സഹോദരി അൻസുവും കായിക താരമാണ്. ഒളിമ്പിക് യോഗ്യതനേടിയ പത്ത് മലയാളി താരങ്ങൾക്ക് കേരള സർക്കാർ അഞ്ചുലക്ഷം രൂപവീതം പ്രഖ്യാപിച്ചിരുന്നു. ധനസഹായം നൽകുമ്പോൾ പ്രവാസി മലയാളിയായ അമോജിനെ സംസ്ഥാനസർക്കാർ മറക്കരുതെന്ന് ജേക്കബ് പറയുന്നു. ഇനി എല്ലാകണ്ണുകളും ടോക്യോയിലേക്കാണ്. ഒളിമ്പ്യനായി അമോജ് തിരിച്ചെത്തുമ്പോൾ ഡൽഹി മലയാളികൾക്കത് അഭിമാനനേട്ടമാകും.