ന്യൂഡൽഹി : അന്ദേരിയ മോഡിൽ പൊളിച്ചുനീക്കിയ ദേവാലയം ഇടത് എം.പി.മാർ സന്ദർശിച്ചു. ബിനോയ് വിശ്വം, എം.വി. ശ്രേയാംസ്‌കുമാർ, കെ.സോമപ്രസാദ്, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. ഇടവക വികാരി ഫാ. ജോസ് കന്നുംകുഴി ഉൾപ്പെടെയുള്ളവരോട് അവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഭൂമിക്ക് കൃത്യമായ രേഖകളുണ്ടെന്നും നോട്ടീസ് പോലും നൽകാതെയാണ് അധികൃതരുടെ ഇടപെടലെന്നും ഫാ. ജോസ് കന്നുംകുഴി പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമാണിതെന്ന് അഭിപ്രായപ്പെട്ട എം.പി.മാർ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് വിശ്വാസികൾക്ക് ഉറപ്പു നൽകി. മതേതരത്വം തകർക്കാനുള്ള ആർ.എസ്.എസ്. അജൻഡയുടെ ഭാഗമാണ് പള്ളി പൊളിക്കൽ എന്നും അവർ ആരോപിച്ചു.

ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിലുള്ള സംഘം വിഷയത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ കണ്ടിരുന്നു. പള്ളി പൊളിച്ചതിൽ സർക്കാരിനു പങ്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്തായാലും നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരാനാണ് ഫരീദാബാദ് രൂപതയുടെ തീരുമാനം.