ന്യൂഡൽഹി : ഒരാഴ്ചയ്ക്കുള്ളിൽ തലസ്ഥാനത്തെ കോവിഡ് ഉച്ചസ്ഥായിയിലെത്താൻ സാധ്യതയെന്ന് വിദഗ്ധർ. പോസിറ്റിവിറ്റി നിരക്ക് അമ്പതുശതമാനംവരെ എത്താനിടയുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രവചനം.

വ്യക്തിയിൽനിന്ന്‌ വ്യക്തിയിലേക്ക്‌ പടരുകയാണ് കോവിഡെന്ന് സഫ്ദർജങ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ജുഗൽ കിഷോർ പറഞ്ഞു. ഇക്കഴിഞ്ഞ മാസങ്ങളിൽ കോവിഡ് ശീലമൊന്നും പാലിക്കാതെ ജനങ്ങൾ പരസ്പരം കൂടിക്കാഴ്ച നടത്തുകയും സമ്പർക്കം പുലർത്തുകയുമൊക്കെ ചെയ്തു. അമ്പതു ശതമാനത്തിലേറെ പേർക്ക് രോഗബാധയുണ്ടായെന്നാണ് ജനുവരിയിലെ സെറോ സർവേ ഫലം. ഇവർക്കൊക്കെ വീണ്ടും രോഗബാധയുണ്ടാവാനുള്ള സാധ്യത വിരളമാണ്. ഇനി 40 ശതമാനത്തിനു രോഗബാധയുണ്ടായിട്ടുണ്ടെങ്കിൽ തന്നെ 30-35 ശതമാനം പേർ സ്വയാർജിത പ്രതിരോധശേഷി നേടിയിട്ടുണ്ടാവും. ഇപ്പോഴത്തെ തരംഗത്തിൽ കോവിഡ് ഒരാഴ്ചയ്ക്കുള്ളിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തും.- ഡോ. കിഷോർ പറഞ്ഞു.

ഇനിയുള്ള ഒരാഴ്ച നിർണായകമാണെന്ന് എയിംസ് അസി. പ്രൊഫസർ ഡോ. യുദ്ധ്‌വീർ സിങ് പറഞ്ഞു. പോസിറ്റിവിറ്റി നിരക്ക് അമ്പതുശതമാനംവരെ ഉയരാനാണ് സാധ്യത. ഏപ്രിൽ അവസാനത്തോടെ രോഗബാധിതർ കുറഞ്ഞുതുടങ്ങും. മേയ് രണ്ടാം വാരത്തോടെ സ്ഥിതി മെച്ചപ്പെടാനാണ് സാധ്യത. ജനങ്ങൾ ജാഗ്രതക്കുറവ് പുലർത്തിയതാണ് ഇപ്പോഴത്തെ വർധനയിലേക്കു നയിച്ചതെന്നും ഡോ. യുദ്ധ്‌വീർ പറഞ്ഞു.

കുടുംബമൊട്ടാകെ കോവിഡ് പോസിറ്റീവാകുന്നു. 90 ശതമാനം ജനങ്ങളും കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തി. ഡൽഹിയിലില്ലാത്തവരും ചികിത്സ തേടി ഇവിടെയെത്തുന്നു. ഇത്തരത്തിലുള്ള 30 ശതമാനം രോഗികളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരുന്ന മാസങ്ങളിൽ ജനങ്ങൾക്ക് എത്രമാത്രം വാക്സിൻ ലഭിക്കുമെന്നതും രോഗവ്യാപനത്തിന്റെ സാധ്യതയെ ബാധിക്കും.

തലസ്ഥാനത്ത് ഇപ്പോൾ ഉണ്ടായിട്ടുള്ളതാവാം കോവിഡ് തരംഗത്തിന്റെ മൂർധന്യാവസ്ഥയെന്ന് ഐ.സി.എം.ആർ. മുൻമേധാവി ഡോ. എൻ.കെ. ഗാംഗുലി അഭിപ്രായപ്പെട്ടു. കുംഭമേള, കർഷകപ്രക്ഷോഭം, തിരഞ്ഞെടുപ്പു റാലികൾ, വിവാഹങ്ങൾ തുടങ്ങീ സൂപ്പർ സ്‌പ്രെഡ് ഉണ്ടാക്കുന്ന ആൾക്കൂട്ടങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിൽ എത്തിച്ചിരിക്കാം. സ്വഭാവമാറ്റം വന്ന വൈറസ് കുട്ടികളെയും യുവാക്കളെയും വ്യാപകമായി ആക്രമിക്കുന്നുണ്ടെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

രണ്ട് ആശുപത്രികളിൽ കോവിഡ് കിടക്കകളുടെ എണ്ണം കൂട്ടുന്നു

ന്യൂഡൽഹി : കോവിഡ് ചികിത്സയ്ക്കായി ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കൂട്ടാൻ സർക്കാർ ഊർജിത നടപടി തുടങ്ങി.

ഹരിനഗറിലെ ദീൻദയാൽ ഉപാധ്യായ ആശുപത്രിയിൽ 500 കിടക്കകൾകൂടി വർധിപ്പിക്കാൻ കോവിഡ് ചുമതലയുള്ള മന്ത്രി മനീഷ് സിസോദിയ നിർദേശം നൽകി. നിലവിൽ 500 കിടക്കകളാണ് ഇവിടെയുള്ളത്. ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് സിസോദിയയുടെ നിർദേശം.

ഇപ്പോഴത്തെ സൗകര്യങ്ങളിൽ രോഗികൾ തൃപ്തരാണെന്നും ഉപമുഖ്യമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. ഈ പ്രതിസന്ധിഘട്ടത്തിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമാണ് ജനങ്ങളുടെ ഹീറോ. ജീവൻ രക്ഷിക്കാൻ അവർ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും സിസോദിയ പ്രശംസിച്ചു.

മോത്തിനഗറിലെ ആചാര്യ ശ്രീഭിക്ഷു ആശുപത്രി സന്ദർശിച്ച ഉപമുഖ്യമന്ത്രി അവിടുത്തെ കോവിഡ് കിടക്കകൾ നിലവിലുള്ള 150ൽ നിന്നും 400 ആക്കി കൂട്ടാൻ നിർദേശം നൽകി.

കോവിഡ് മഹാമാരിക്കെതിരേയുള്ള യുദ്ധത്തിലാണ് നമ്മൾ. ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ട സമയമാണിത്.

ഇതിനായി സാധ്യമായതെല്ലാം ചെയ്യണം. സാധ്യമായ സ്രോതസ്സുകളെല്ലാം പ്രയോജനപ്പെടുത്തണം. ഈ യുദ്ധത്തിൽ നമ്മൾ വിജയം നേടുകതന്നെ ചെയ്യും - ഉപമുഖ്യമന്ത്രി പറഞ്ഞു.