ന്യൂഡൽഹി : കർഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടാമതും അറസ്റ്റിലായ പഞ്ചാബി നടൻ ദീപ് സിദ്ദുവിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി.

നാലുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടണമെന്ന ആവശ്യം തള്ളിയ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗജേന്ദ്ര സിങ് നാഗർ സിദ്ദുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലയച്ചു.

സിദ്ദുവിന് കഴിഞ്ഞദിവസം കോടതി ജാമ്യമനുവദിച്ചതിനു പിന്നാലെ മറ്റൊരു കേസിൽ ഡൽഹി പോലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

ചരിത്രപ്രാധാന്യമുള്ള ചെങ്കോട്ടയിൽ മതപതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് പുരാവസ്തുഗവേഷണ കേന്ദ്രം ഫയൽ ചെയ്ത കേസിലാണ് ദീപ് സിദ്ദുവിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസിലാണ് ദീപ് സിദ്ദുവിന് കോടതി കഴിഞ്ഞദിവസം ജാമ്യം നൽകിയത്. ചെങ്കോട്ട പരിപാലിക്കുന്നത് പുരാവസ്തു ഗവേഷണ കേന്ദ്രമായതിനാൽ അവർ ദീപ് സിദ്ദുവിനെതിരേ പ്രത്യേക കേസ് ഫയൽ ചെയ്യുകയായിരുന്നു.

ക്രൈംബ്രാഞ്ചിന്റെ കേസിൽ ഫെബ്രുവരി ഒമ്പതിനാണ് ദീപ് സിദ്ദു അറസ്റ്റിലായിരുന്നത്. അന്നുമുതൽ നടൻ പോലീസ് കസ്റ്റഡിയിലും പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിലുമായിരുന്നു.

കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് ട്രാക്ടർ റാലി നടത്തുകയും ചെങ്കോട്ടയിലേക്ക് കടന്നുകയറുകയുമായിരുന്നു.

കർഷകരെ അതിന് പ്രേരിപ്പിച്ചെന്ന കുറ്റത്തിനാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തിരുന്നത്.