ന്യൂഡൽഹി: ഡൽഹിയിൽ തനിക്ക് രണ്ടുതിരിച്ചറിയൽ കാർഡുകളുണ്ടെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണം ഒടുവിൽ നിഷേധിച്ച് ബി.ജെ.പി. സ്ഥാനാർഥിയും മുൻ ക്രിക്കറ്റ്താരവുമായ ഗൗതം ഗംഭീർ. തന്റെപേരിൽ ഒരു തിരിച്ചറിയൽകാർഡ് മാത്രമേയുള്ളൂവെന്നും ജനങ്ങൾക്കായി എന്തുചെയ്യണമെന്നതിൽ വ്യക്തമായ കാഴ്ചപ്പാടില്ലാത്തതിനാലാണ് ഈ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജേന്ദ്ര നഗറിലാണ് തനിക്ക് തിരിച്ചറിയൽ കാർഡുള്ളത്. കരോൾ ബാഗിലെ രാംജാസ് റോഡിൽ അമ്മയുടെ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്നു. എന്നാൽ, ഒരിക്കലും അവിടെ വോട്ട് ചെയ്യാനോ തിരിച്ചറിയൽ കാർഡിനുവേണ്ടിയോ ശ്രമിച്ചിട്ടില്ല. പ്രചാരണത്തിൽ ജനങ്ങളുമായി സംസാരിക്കാൻ മറ്റൊന്നുമില്ലാത്തതിനാലാണ് മണ്ഡലത്തിലെ എ.എ.പി. സ്ഥാനാർഥിയായ അതിഷി തനിക്കെതിരേ ഇത്തരം ആരോപണങ്ങൾ കൊണ്ടുവരുന്നത്.

‘നിങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടോ, മറ്റൊന്നും സംസാരിക്കാനോ ഇല്ലാത്തതിനാൽ ആരോപണങ്ങൾ ഉന്നയിക്കുന്നു’ -ഗംഭീർ പറഞ്ഞു. ‘പോസിറ്റീവായ രാഷ്ട്രീയ’ത്തിലാണ് താൻ വിശ്വസിക്കുന്നത്. രാജ്യതലസ്ഥാനത്തെ ഏറ്റവുംമികച്ച മണ്ഡലമാക്കി കിഴക്കൻ ഡൽഹിയെ മാറ്റുമെന്നത് ഉന്നയിച്ച് പ്രചാരണം നടത്തും. എതിരാളികളുമായി ‘തെറ്റായ കളിയിൽ’ ഏർപ്പെടാൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ഗംഭീറിനെതിരേ അതിഷി നൽകിയ പരാതി തീസ് ഹസാരി കോടതി ബുധനാഴ്ച പരിഗണിക്കും.

സ്ഥാനാർഥിത്വം റദ്ദാക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തിരിച്ചറിയൽ കാർഡിന്റെ പേരിൽ എ.എ.പി.ക്കെതിരേ തിരിച്ച് ആരോപണമുന്നയിച്ച് ബി.ജെ.പി. രംഗത്തെത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 2013-ൽ മൂന്നു തിരിച്ചറിയൽ കാർഡുകളുണ്ടായിരുന്നെന്ന് അവർ ആരോപിച്ചു. കെജ്‌രിവാളിന്റെ ഭാര്യയ്ക്ക് ഇപ്പോൾ ഡൽഹി, യു.പി., ബംഗാൾ എന്നിവിടങ്ങളിലായി മൂന്നു തിരിച്ചറിയൽ കാർഡുകളുണ്ടെന്നും ബി.ജെ.പി. ഉന്നയിച്ചു.

Content Highlights: 2019 Loksabha Elections Gautam Gambhir