ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ നോട്ടയ്ക്ക് വോട്ടുരേഖപ്പെടുത്തിയത് 45,000-ത്തിലധികം വോട്ടർമാർ. കഴിഞ്ഞതവണത്തേക്കാൾ 6200 വോട്ടുകളുടെ അധികമാണിത്. ആകെ പോൾചെയ്ത വോട്ടുകളുടെ 0.53 ശതമാനമാണ് ഇത്തവണ നോട്ടയ്ക്ക് ലഭിച്ച വോട്ടുകൾ. സംവരണമണ്ഡലമായ വടക്കുപടിഞ്ഞാറൻ ഡൽഹിയിലാണ് ഏറ്റവുംകൂടുതൽ നോട്ട വോട്ടുകൾ പോൾചെയ്തത്‌. ഇവിടെ 10,210 വോട്ടുകളാണ് നോട്ടയ്ക്ക് കിട്ടിയത്. ഏറ്റവുംകുറവ് സ്ഥാനാർഥികളും എന്നാൽ, ഏറ്റവുമധികം വോട്ടർമാരുമുണ്ടായിരുന്ന മണ്ഡലമായിരുന്നു വടക്കുപടിഞ്ഞാറൻ ഡൽഹി. ഏറ്റവുംകൂടുതൽ ഭൂരിപക്ഷത്തോടെ ബി.ജെ.പി. വിജയിച്ച പടിഞ്ഞാറൻ ഡൽഹിയാണ് നോട്ട വോട്ടുകളുടെ വിഭാഗത്തിൽ രണ്ടാമതെത്തിയത്. ഇവിടെ 8937 വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചു. ന്യൂഡൽഹിയിലാണ് ഏറ്റവുംകുറവ്. 6601 വോട്ടുകൾ മാത്രം. മനോജ് തിവാരിയും ഷീലാ ദീക്ഷിതും തമ്മിൽ ഏറ്റുമുട്ടിയ വടക്കുകിഴക്കൻ ഡൽഹി (4589), ചാന്ദ്‌നി ചൗക്ക് (5133), കിഴക്കൻ ഡൽഹി (4920), തെക്കൻ ഡൽഹി (5264) എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ നോട്ട വോട്ടുകളുടെ എണ്ണം. 2013-ൽ ഡൽഹി, ഛത്തീസ്ഗഢ്, മിസോറം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കുനടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് നോട്ട സംവിധാനം ആദ്യമായി ഏർപ്പെടുത്തിയത്. പൊതുതിരഞ്ഞെടുപ്പിൽ, 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ആദ്യം ഇതു കൊണ്ടുവന്നത്.

പോസ്റ്റൽ വോട്ടുകൾ 15,000-ത്തിലധികം

പൊതുതിരഞ്ഞെടുപ്പിൽ ഡൽഹിയിൽ രേഖപ്പെടുത്തിയത് 15,235 പോസ്റ്റൽ വോട്ടുകൾ. ഇവയിൽ 131 എണ്ണം നോട്ടയ്ക്കാണ് രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ ഡൽഹി (4514), വടക്കുകിഴക്കൻ ഡൽഹി (3429), വടക്കുപടിഞ്ഞാറൻ ഡൽഹി (1120), കിഴക്കൻ ഡൽഹി (1507), ന്യൂഡൽഹി (1485) ചാന്ദ്‌നി ചൗക്ക് (1469), തെക്കൻ ഡൽഹി (1711) എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോസ്റ്റൽ വോട്ടുകളുടെ എണ്ണം.

Content Highlights: 2019 Loksabha Elections, Delhipolling