ന്യൂഡൽഹി: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ അഞ്ചു സീറ്റുകളിൽ ബി.ജെ.പി. ക്ക് കഴിഞ്ഞതവണത്തേക്കാളും ഭൂരിപക്ഷം ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ. പടിഞ്ഞാറൻ ഡൽഹി, വടക്കുപടിഞ്ഞാറൻ ഡൽഹി, കിഴക്കൻ ഡൽഹി, തെക്കൻ ഡൽഹി, വടക്കുകിഴക്കൻ ഡൽഹി എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി. സ്ഥാനാർഥികൾ കനത്ത ഭൂരിപക്ഷം സ്വന്തമാക്കിയത്. പടിഞ്ഞാറൻ ഡൽഹിയിൽ 5.78 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സിറ്റിങ് എം.പി. പർവേഷ് വർമയുടെ ജയം. തന്റെ തന്നെ റെക്കോഡാണ് വർമ തിരുത്തിക്കുറിച്ചത്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2.68 ലക്ഷമായിരുന്നു വർമയുടെ ഭൂരിപക്ഷം. ഗായകനായ ഹൻസ്‌രാജ് ഹൻസ് സംവരണമണ്ഡലമായ വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ 5.53 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്.

കഴിഞ്ഞതവണ ഉദിത് രാജ് ബി.ജെ.പി. ടിക്കറ്റിൽ 1.06 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. മുൻക്രിക്കറ്റ്താരമായ ഗൗതം ഗംഭീർ 3.91 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടി. കോൺഗ്രസിന്റെ അർവിന്ദർ സിങ് ലവ്‌ലി, എ.എ.പി. യുടെ അതിഷി എന്നിവർക്ക് കന്നിപ്പോരാട്ടത്തിനിറങ്ങിയ ഗംഭീറിനെതിരേ ഒരു വെല്ലുവിളിപോലും ഉയർത്താനായിരുന്നില്ല. കഴിഞ്ഞതവണ ബി.ജെ.പി.യുടെ മഹേഷ് ഗിരിക്ക് 1.90 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഇവിടെ ലഭിച്ചത്. തെക്കൻ ഡൽഹിയിൽ 3.67 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു രമേഷ് ബിധുരിക്ക്. വടക്കുകിഴക്കൻ ഡൽഹിയിൽ ഷീലാ ദീക്ഷിതിനെതിരേ 3.66 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ബി.ജെ.പി. ഡൽഹി അധ്യക്ഷൻ മനോജ് തിവാരി സ്വന്തമാക്കി. കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ, സിറ്റിങ് എം.പി. മീനാക്ഷി ലേഖി എന്നിവർക്ക് മാത്രമാണ് ഭൂരിപക്ഷം കഴിഞ്ഞതവണത്തേക്കാളും ഇടിഞ്ഞത്. 2.28 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹർഷവർധന്. ഡൽഹിയിൽ ഏറ്റവുംകുറവ് ഭൂരിപക്ഷം ലഭിച്ച സ്ഥാനാർഥിയാണ് ഇദ്ദേഹം.

കെട്ടിവെച്ച കാശ് പോയി മൂന്നു എ.എ.പി. സ്ഥാനാർഥികൾ

ആം ആദ്മി പാർട്ടിയുടെ മൂന്നു സ്ഥാനാർഥികൾക്ക് കെട്ടിവെച്ച പണം പോയി. പങ്കജ് ഗുപ്ത (ചാന്ദ്‌നി ചൗക്ക്), ബ്രജേഷ് ഗോയൽ (ന്യൂഡൽഹി), ദിലീപ് പാണ്ഡെ (വടക്കുകിഴക്കൻ ഡൽഹി) എന്നിവർക്കാണ് പണം നഷ്ടപ്പെട്ടത്. ഗുപ്തയ്ക്ക് 1,43,717 വോട്ടുകളും ഗോയലിന് 1,50,342 വോട്ടുകളും പാണ്ഡെയ്ക്ക് 1,90,856 വോട്ടുകളുമാണ് ലഭിച്ചത്. എ.എ.പി.ക്ക് പുറമേ കോൺഗ്രസിന്റെ ബോക്‌സർ വിജേന്ദർ സിങ്ങിനും കെട്ടിവെച്ച പണം പോയി. തെക്കൻ ഡൽഹിയിൽ മത്സരിച്ച വിജേന്ദറിന് 1,64,613 വോട്ടുകളാണ് (13.56 ശതമാനം) കിട്ടിയത്. കെട്ടിവെച്ച കാശ് തിരിച്ചുകിട്ടണമെങ്കിൽ ആകെ പോൾ ചെയ്ത വോട്ടുകളുടെ ആറിലൊന്ന് നേടണമെന്നാണ് തിരഞ്ഞെടുപ്പ് ചട്ടം.

Content Highlights: 2019 Loksabha Elections, BJP, delhi