ന്യൂഡൽഹി : ഗാസിയാബാദിൽ അപ്പാർട്ട്‌മെന്റിന്റെ 25-ാം നിലയിൽ നിന്നുവീണ് 14 വയസ്സുള്ള ഇരട്ടസഹോദരൻമാർ മരിച്ച സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പോലീസ്. ശനിയാഴ്ച രാത്രിയാണ് സിദ്ധാർത്ഥ് വിഹാറിലെ അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽനിന്നുവീണ് സത്യ നാരായൺ, സൂര്യനാരായൺ എന്നീ കുട്ടികൾ മരിച്ചത്. സംഭവം അപകടമരണമാണോ ആത്മഹത്യയാണോ തുടങ്ങിയ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് ഏരിയ സർക്കിൾ ഓഫീസർ മഹിപാൽ സിങ് പറഞ്ഞു.

തമിഴ്‌നാട്-മധുര സ്വദേശിയായ ടി.എസ്. പളനിയുടെ മക്കളാണ് മരിച്ചത്. കുട്ടികൾ ചാടാൻ കാരണം വീഡിയോ ഗെയിമിലെ ചലഞ്ചോ മറ്റോ ആണോ എന്നും പോലീസ് അന്വേഷിക്കും. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനാണ് സംഭവം കണ്ടത്. ശബ്ദം കേട്ടുനോക്കിയപ്പോൾ കുട്ടികൾ സൊസൈറ്റിയിലെ നടപ്പാതയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു.

ബാൽക്കണിയിൽ ലൈറ്റ് കണ്ടതിനാൽ സുരക്ഷാ ജീവനക്കാരൻ മുകളിലേക്ക് കയറിച്ചെന്ന് വീട്ടുടമസ്ഥയോട് അവരുടെ കുട്ടികളെ തിരക്കി. അപ്പോഴാണ് തന്റെ കുട്ടികൾ താഴെ വീണകാര്യം അവരറിയുന്നത്. ആറ് മാസം മുൻപാണ് പളനിയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം അവിടെ ഫ്ളാറ്റ് വാങ്ങി താമസം തുടങ്ങിയത്. സംഭവം നടക്കുമ്പോൾ പളനി മുംബൈയിലായിരുന്നു.

അതേസയം, സംഭവത്തിൽ പരാതി നൽകാൻ പളനിയും കുടുംബവും തയ്യാറായിട്ടില്ല. അപകടമാണ് സംഭവത്തിന് പിന്നിലെന്നാണ് അവരുടെ പക്ഷമെന്ന് പോലീസ് പറഞ്ഞു. ചന്ദ്രനെ കാണാനും മൊബൈലിൽ ഗെയിമുകൾ കളിക്കാനും കുട്ടികൾ ഇഷ്ടപ്പെട്ടിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. അതേസമയം, അവർക്ക് പല്ലികളെ വെറുപ്പായിരുന്നുവെന്നും അവയെ എപ്പോൾ കണ്ടാലും ഫ്ളാറ്റിന് പുറത്തേക്ക്‌ ഓടിച്ചുവിടുമായിരുന്നുവെന്നും അവർ പറഞ്ഞു. ചന്ദ്രനെ നോക്കി നിൽക്കുമ്പോഴോ പല്ലികളെ പിന്തുടർന്ന് ഓടിക്കുമ്പോഴോ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് കരുതുന്നത്. ഒരാൾ വീണപ്പോൾ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മറ്റേയാളും താഴേക്ക് പതിച്ചതാകാമെന്നും മാതാപിതാക്കൾ സംശയിക്കുന്നു.