ന്യൂഡൽഹി : ജീവനക്കാരുടെ ജാഗ്രതയിൽ എൽ.എൻ.ജെ.പി. ആശുപത്രിയിൽ ഒഴിവായത് വൻദുരന്തം. തിങ്കളാഴ്ച പുലർച്ചെ എമർജൻസി ബ്ലോക്കിലെ സെമിനാർ റൂമിലുണ്ടായിരുന്ന അഗ്നിബാധ ഒഴിവാക്കിയത് ജീവനക്കാർ ഇടപെട്ടായിരുന്നു. പുക ഉയരുന്നതു ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ സെമിനാർ റൂം പൂട്ടിയിട്ട നിലയിലാണെന്നു കണ്ടെത്തി. ഉടൻ അവർ മുറി തുറന്നു. ചെറിയ അഗ്നിരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് തീയാളുന്നതു കുറച്ചു. എമർജൻസി ബ്ലോക്കിന്റെ താഴത്തെ നിലയിലാണ് സെമിനാർ റൂം. അടഞ്ഞുകിടക്കുന്ന മുറിയിൽ തീയാളിപ്പടർന്നാൽ വലിയദുരന്തം സംഭവിക്കുമായിരുന്നു.

സെമിനാർ റൂം തുറന്ന ജീവനക്കാർ അഗ്നിരക്ഷാവാഹനങ്ങൾ എത്തുന്നതുവരെ ചെറിയ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി തീ നിയന്ത്രിച്ചുനിർത്തിയതും ആശ്വാസമായി. ഏഴു നിലകളുള്ളതാണ് ഈ കെട്ടിടം. തീ ശ്രദ്ധയിൽപ്പെട്ട ഉടൻ ആ ബ്ലോക്കിലെ രോഗികളെയെല്ലാം അതിവേഗം മറ്റൊരിടത്തേക്കു മാറ്റി.

ചെറിയതോതിൽ വൈദ്യുതിതടസ്സമുണ്ടായെങ്കിലും രോഗികളെയെല്ലാം സുരക്ഷിതമായി മാറ്റാൻ കഴിഞ്ഞെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജീവനക്കാരുടെ ജാഗ്രതയും സമയബന്ധിതമായ ഇടപെടലുമാണ് വൻദുരന്തം ഒഴിവാക്കിയതെന്ന് ആശുപത്രി അധികൃതരിലൊരാൾ പറഞ്ഞു. ഡോക്ടർമാർക്കും ജീവനക്കാർക്കും പരിശീലനം നൽകുന്നതാണ് സെമിനാർ റൂം. ഇവിടെയുള്ള ജീവനക്കാർക്ക് നേരത്തേ അഗ്നിസുരക്ഷയിൽ പരിശീലനവും നൽകിയതും ഗുണകരമായി. പ്രതിസന്ധിഘട്ടം നേരിടാൻ ഡോക്ടർമാരും നഴ്‌സുമാരുമൊക്കെ പരിശീലനം നേടിക്കഴിഞ്ഞതായി ഒരു മുതിർന്ന ഡോക്ടർ പ്രതികരിച്ചു. അത് അഗ്നിബാധയിൽനിന്നു തുണയായി. നഗരമധ്യത്തിലെ ഈ ആശുപത്രിയിൽ 1500 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. ഡൽഹി സർക്കാരിന്റെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നാണ് എൽ.എൻ.ജെ.പി. എ.സി.യിൽനിന്നാണ് പുക ഉയർന്നതെന്നും ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നും അഗ്നിരക്ഷാവിഭാഗം ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. തീപ്പിടിത്തത്തിൽ ആർക്കും അപായം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.