ന്യൂഡൽഹി : ആശ വർക്കർമാരുടെ വേതനം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലേക്ക് മാർച്ച് നടത്തി. ആരോഗ്യപ്രവർത്തകരായി പരിഗണിക്കപ്പെടുന്ന ആശ വർക്കർമാരുടെ വേതനം ഉടനടി കൂട്ടണമെന്നാണ് ആവശ്യം.

ആശ വർക്കർമാരുടെ ഓണറേറിയം ഇരട്ടിയാക്കാൻ 2018-ൽ മോദി സർക്കാർ തീരുമാനിച്ചിട്ടും ഡൽഹി സർക്കാർ അതു നടപ്പാക്കിയില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്ത ആരോപിച്ചു.

ലജ്ജാകരമാണ് കെജ്‌രിവാൾ സർക്കാരിന്റെ സമീപനം. വാക്സിനേഷൻ, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആശ വർക്കർമാരുടെ സേവനം കണ്ടില്ലെന്നു നടിക്കുകയാണ് സംസ്ഥാന സർക്കാർ- ഗുപ്ത കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പോയി തൊഴിലില്ലായ്മാവേതനമടക്കമുള്ള പ്രഖ്യാപനങ്ങൾ നടത്തുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹിയിലെ ആശ വർക്കർമാരെ അവഗണിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രാംവീർ സിങ് ബിധൂരി വിമർശിച്ചു.

കോവിഡ് പ്രതിരോധമടക്കമുള്ള ആരോഗ്യസേവനങ്ങളിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നവരാണ് ആശ വർക്കർമാരെന്നും അദ്ദേഹം പറഞ്ഞു.