നവിമുംബൈ : സ്വന്തമായി കോവിഡ് വാക്സിൻ വാങ്ങാൻ നവിമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആഗോളതലത്തിൽ ടെൻഡർ വിളിക്കും. നിർമാതാക്കളിൽനിന്ന് നേരിട്ട് നാലു ലക്ഷം ഡോസ് വാക്സിൻ വാങ്ങുന്നതിനായാണ് ആഗോള ടെൻഡർ നൽകുന്നത്. ‘കോവിഡിന്റെ മൂന്നാംതരംഗം വരുന്ന ഏതാനും മാസങ്ങൾക്കിടയിൽ ഏതു സമയത്തും ഉണ്ടായേക്കാം. ഇതുമുന്നിൽകണ്ടുള്ള പ്രതിരോധനടപടികൾ കോർപ്പറേഷൻ സ്വീകരിച്ചുവരികയാണ്. വാക്സിൻ രോഗവ്യാപനത്തിന്റെ ആഘാതം കുറയ്ക്കുമെന്നതിനാലാണ് സ്വന്തമായി വാക്സിൻ സമാഹരിക്കുന്നതിനുള്ള നടപടികൾ കോർപ്പറേഷൻ സ്വീകരിക്കുന്നത്. - മുനിസിപ്പൽ കമ്മിഷണർ അഭിജിത് ബംഗാർ പറഞ്ഞു.

സർക്കാരിൽനിന്നുള്ള വാക്സിൻ ലഭ്യമാകുന്നതിന് കാലതാമസമുണ്ടാകുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിലാണ് സ്വന്തമായി വാക്സിൻ വാങ്ങാൻ തീരുമാനിച്ചതെന്നും കമ്മിഷണർ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി നവിമുംബൈയിലെ രോഗവ്യാപനനിരക്കിൽ ഗണ്യമായ കുറവുണ്ട്. നവിമുംബൈ കോർപ്പറേഷനിലെ എട്ടു ഡിവിഷനുകളിൽ ഏറ്റവുംകൂടുതൽ ചേരിപ്രദേശങ്ങളുള്ള തുർഭെ ഡിവിഷനിൽ രോഗവ്യാപനം നിയന്ത്രണവിധേയമായത് ആശ്വാസംപകരുന്ന കാര്യമാണ്. ആരോഗ്യവിഭാഗത്തിന്റെ കണക്കനുസരിച്ച് നിലവിൽ ഇന്ദിരാനഗർ ചേരിയിൽ രണ്ടുരോഗികൾ മാത്രമാണ് ചികിത്സയിലുള്ളതെന്ന് കമ്മിഷണർ പറഞ്ഞു.