ന്യൂഡൽഹി : ഓക്സിജൻ ലഭിക്കാതെ മരിക്കുന്ന കോവിഡ് രോഗികളുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹർജി നിവേദനമായി പരിഗണിക്കാൻ കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും ഹൈക്കോടതി. നഷ്ടപരിഹാരം നൽകുന്നത് നയപരമായ തീരുമാനമായതിനാൽ കോടതി ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

അഡ്വ. പുരവ് മിദ്ദ നൽകിയ ഹർജിയാണ് നിവേദനമായി പരിഗണിക്കാൻ ആവശ്യപ്പെട്ടത്. നിയമപ്രകാരം അതിൽ തീരുമാനമെടുക്കാനും ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ പ്രായോഗികമായ തീരുമാനം എത്രയും വേഗമുണ്ടാവണമെന്നും കോടതി പറഞ്ഞു. ഓക്സിജനില്ലാതെ രോഗികൾ മരിക്കുന്നതിന് ഉത്തരവാദി സർക്കാരാണെന്നാണ് ഹർജിക്കാരന്റെ വാദം. അതിനാൽ ഇത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്.