ന്യൂഡൽഹി : കോവിഡ് സാഹചര്യത്തിൽ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാംടെർമിനൽ തിങ്കളാഴ്ച അർധരാത്രിയോടെ അടച്ചു. കോവിഡ് രണ്ടാംതരംഗത്തെ തുടർന്ന് ഈ ടെർമിനലിൽനിന്ന് സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം കുറഞ്ഞതോടെയാണ് ഈ തീരുമാനം. എല്ലാ വിമാനങ്ങളും ഇനി മൂന്നാം ടെർമിനലിൽ ഇറങ്ങുകയും പുറപ്പെടുകയും ചെയ്യുമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.

നിലവിൽ ദിവസവും 325 വിമാനങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഇതു നേരത്തേ 1500 വിമാനങ്ങളായിരുന്നു. ദിവസേന ഒന്നര ലക്ഷം ശരാശരി യാത്രക്കാർ ഉണ്ടായിരുന്നത് ഇപ്പോൾ 30,000 ആയി കുറഞ്ഞെന്നാണ് കണക്കുകൾ. കോവിഡ് രണ്ടാം തരംഗത്തിൽ വ്യോമയാന മേഖല കനത്തതിരിച്ചടി നേരിട്ട സാഹചര്യത്തിൽക്കൂടിയാണ് വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ അടച്ചിടാനുള്ള തീരുമാനം.

അന്താരാഷ്ട്ര വിമാന സർവീസുകളെയും കോവിഡ് രൂക്ഷമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം 2.2 ലക്ഷത്തിൽനിന്ന് മുക്കാൽ ലക്ഷമായി കുറഞ്ഞതായി വ്യോമയാന മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.