ന്യൂഡൽഹി : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മുസ്‌ലിം വയോധികനെ ഒരുകൂട്ടമാളുകൾ ആക്രമിച്ചത് സംബന്ധിച്ച വീഡിയോയുമായി ബന്ധപ്പെട്ട് ട്വിറ്റർ എം.ഡി. മനീഷ് മഹേശ്വരി, നടി സ്വര ഭാസ്കർ, മാധ്യമപ്രവർത്തകരായ അർഫാ ഖാനൂൻ ഷേർവാണി, മുഹമ്മദ് ആസിഫ് ഖാൻ എന്നിവർക്കെതിരേ ഡൽഹി പോലീസിൽ പരാതി. സംഭവത്തിൽ സാമുദായിക നിറം നൽകുകയാണ് ഇവർ ചെയ്തതെന്ന് തിലക് മാർഗ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അമിത് ആചാര്യ ആരോപിച്ചു.

സമാനമായ വീഡിയോയുമായി ബന്ധപ്പെട്ട് നേരത്തേ ട്വിറ്ററിനെതിരേ യു.പി. പോലീസ് കേസെടുത്തിരുന്നു. ട്വിറ്ററിന് പുറമേ വാർത്താ വെബ്സൈറ്റായ ദി വയർ, മാധ്യമപ്രവർത്തകരായ മുഹമ്മദ് സുബൈർ, റാണാ അയൂബ്, കോൺഗ്രസ് പ്രവർത്തകരായ സൽമാൻ നിസാമി, മസ്ഖൂർ ഉസ്മാനി, ഡോ. ഷമ മുഹമ്മദ്, എഴുത്തുകാരി സബ നഖ്വി എന്നിവർക്കെതിരേയും വീഡിയോ ഷെയർ ചെയ്തതിന് യു.പി. പോലീസ് കേസെടുത്തു.

അതിന് പിന്നാലെയാണ് ഡൽഹി പോലീസും പരാതിയായെത്തിയത്. ഒരുസംഘം യുവാക്കൾ തന്നെ മർദിക്കുകയും ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് അബ്ദുൾ സമദ് സൈഫി എന്നയാൾ പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

എന്നാൽ ഈ വീഡിയോ ഷെയർ ചെയ്തത് സാമുദായിക സ്പർധയുണ്ടാക്കാനാണെന്നാണ് യു.പി. പോലീസിന്റെ വാദം. സൈഫി തങ്ങൾക്ക് വിറ്റ മന്ത്രത്തകിടിൽ അതൃപ്തരായ പ്രതികൾ അദ്ദേഹത്തെ മർദിച്ചതാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മുസ്‌ലിങ്ങൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.