ന്യൂഡൽഹി : ചാന്ദ്‌നിചൗക്ക് മോട്ടോർ വാഹനനിരോധിത മേഖലയാക്കി. അത്യാഹിതഘട്ടങ്ങളിലല്ലാതെ ഇവിടെ ഇനി മോട്ടോർ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. ചാന്ദ്‌നി ചൗക്ക് പുനർവികസന പദ്ധതിയനുസരിച്ചാണ് ഈ തീരുമാനം. ചെങ്കോട്ട മുതൽ ഫത്തേപുരി പള്ളി വരെയുള്ള മുഖ്യ ചാന്ദ്‌നിചൗക്ക് റോഡിൽ മോട്ടോർ വാഹനങ്ങൾ നിരോധിച്ച് കഴിഞ്ഞ ദിവസം ഗസറ്റ് വിജ്ഞാപനമിറങ്ങി. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെ ഒറ്റ മോട്ടോർ വാഹനങ്ങളും പ്രവേശിക്കാൻ പാടില്ല.

2018 ഡിസംബർ ഒന്നിനാണ് 1.3 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് മോട്ടോർരഹിതമാക്കാൻ തീരുമാനിച്ചത്. പദ്ധതി കഴിഞ്ഞ നവംബറിൽ പൂർത്തിയാവേണ്ടതായിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയെത്തുടർന്ന് അതു വൈകി. ഈ വർഷം റോഡു വികസനം പൂർത്തീകരിച്ചു.

അതേസമയം, അഗ്നിരക്ഷാവാഹനങ്ങൾ, ആംബുലൻസുകൾ, ഗർഭിണികളെ വഹിച്ചു കൊണ്ടുള്ള വാഹനങ്ങൾ തുടങ്ങിയവ പ്രവേശിക്കുന്നതിനു തടസ്സമുണ്ടാവില്ല. നഗരത്തിലെ മറ്റു ചില റോഡുകൾ കൂടി സമാനമായ രീതിയിൽ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണ് ചാന്ദ്‌നീചൗക്ക്. ഗതാഗതക്കുരുക്ക് ഇവിടെ പതിവായിരുന്നു. വാഹനങ്ങൾക്കുള്ള വിലക്ക് പ്രദേശം കൂടുതൽ പരിസ്ഥിതിസൗഹാർദമാവാനും വഴിവെയ്ക്കും. ചാന്ദ്‌നിചൗക്ക് സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ നിയന്ത്രണം. ചെങ്കോട്ടയും പരിസരവും സഞ്ചാരികൾക്ക് കൂടുതൽ സുഗമമായി നടന്നു കാണാനും ഇതു സൗകര്യമാവും.