ന്യൂഡൽഹി : കേന്ദ്രസർക്കാർ തടഞ്ഞതിനു പിന്നാലെ വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതി ശുപാർശ വീണ്ടും ഡൽഹി സർക്കാർ അംഗീകാരത്തിനായി സമർപ്പിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പദ്ധതിയുടെ അംഗീകാരത്തിനായി ലെഫ്. ഗവർണർ അനിൽ ബൈജാലിനു സമർപ്പിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഉത്തരവുകൾക്കു വിധേയമായും നിയമാനുസൃതവുമായിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി ലെഫ്. ഗവർണറെ അറിയിച്ചു.

കോവിഡ് സമയത്ത് ഇത്തരമൊരു പദ്ധതി തടയുന്നതു ശരിയല്ല. റേഷൻ കടകൾക്കു മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഈ പദ്ധതി സഹായിക്കും.

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ നാലുതവണ റേഷൻ പദ്ധതിയെക്കുറിച്ച് ലെഫ്. ഗവർണറെ അറിയിച്ചിരുന്നു. അദ്ദേഹം ഒരിക്കലും പദ്ധതിയെ എതിർത്തിട്ടില്ല.

ഫെബ്രുവരിയിൽ വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. അപ്പോഴും ലെഫ്. ഗവർണർ എതിർത്തില്ല. അഞ്ചു തവണ ഹൈക്കോടതിയിൽ കേസു വന്നു. അപ്പോഴൊന്നും ഏതെങ്കിലും തരത്തിലുള്ള അനുമതിയെക്കുറിച്ച് കേന്ദ്രസർക്കാർ ഒന്നും പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് പദ്ധതി തടഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗുണഭോക്താക്കൾക്ക് വീടുകളിൽ റേഷൻ എത്തിക്കാനുള്ള പദ്ധതി 2018 മാർച്ച് ആറിനാണ് മന്ത്രിസഭ തീരുമാനിച്ചത്.

ഗോതമ്പും അരിയും പഞ്ചസാരയും വിതരണം ചെയ്യാനായിരുന്നു തീരുമാനം. ഇതിനായി ഡൽഹി സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനെ ചുമതലപ്പെടുത്തി. മൊത്തം 677 കോടി രൂപ പദ്ധതിച്ചെലവു കണക്കാക്കി. മന്ത്രിസഭാതീരുമാനം ലെഫ്. ഗവർണറെ അറിയിക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും അദ്ദേഹം എതിർപ്പു പ്രകടിപ്പിച്ചില്ല

2020 ജൂലായ് 21-ന് പദ്ധതിയിൽ നേരിയ ഭേദഗതിവരുത്തി. മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന എന്ന പേരിൽ നടപ്പാക്കാൻ തീരുമാനിച്ചു. ഇതും ഒരു രാജ്യം ഒരു റേഷൻ പദ്ധതിയും ഒരേ സമയം നടപ്പാക്കാൻ തീരുമാനിച്ചു. ഇക്കാര്യവും ലെഫ്. ഗവർണറെ അറിയിച്ചിരുന്നു.

രണ്ടു ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാൻ 2020 ഒക്ടോബർ ഒമ്പതിനു തീരുമാനിച്ചു. ഇക്കാര്യവും ലെഫ്. ഗവർണറെ അറിയിച്ചു.

പിന്നീട്, 2020 ഒക്ടോബർ 15-നും 19-നും ടെൻഡർ നടപടികളും ആരംഭിച്ചു. തുടർന്ന്, 2021 ഫെബ്രുവരി 20-ന് പദ്ധതി വിജ്ഞാപനം ചെയ്തു. അപ്പോഴും ലെഫ്. ഗവർണർ പദ്ധതിയെ എതിർത്തില്ല- മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ എതിർപ്പും അംഗീകരിച്ചു

പദ്ധതിയുടെ പേരിനെച്ചൊല്ലി കേന്ദ്രസർക്കാർ 2021 മാർച്ച് 19-ന് എതിർപ്പു പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പേരിട്ടതിലായിരുന്നു തടസ്സം. തുടർന്ന് മാർച്ച് 24-ന് മന്ത്രിസഭായോഗം ചേർന്ന് മുഖ്യമന്ത്രിയുടെ പേരൊഴിവാക്കി. ഈ തീരുമാനവും ലെഫ്. ഗവർണറെ അറിയിക്കുകയുണ്ടായി. പിന്നീട്, 2021 മേയ് 24-ന് പുതിയ വിജ്ഞാപനം പുറത്തിറക്കി. ലെഫ്. ഗവർണറുടെ അഭിപ്രായം വാങ്ങിയ ശേഷം ജൂൺ 15-ന് കേന്ദ്രത്തിന് കത്തയച്ചു. ഉന്നയിച്ച എതിർപ്പുകളെല്ലാം പരിഹരിച്ചെന്ന് കത്തിൽ വിശദമാക്കി.

എൽ.ജിയുടെ വാദം ശരിയല്ല

പദ്ധതി അംഗീകാരത്തിനായി കേന്ദ്രത്തിനയയ്ക്കണമെന്ന ലെഫ്. ഗവർണറുടെ അഭിപ്രായം ശരിയല്ല. ഇക്കാര്യത്തിൽ കേന്ദ്രാനുമതി നിർബന്ധമല്ല. കേന്ദ്രത്തിന്റെ ഉത്തരവ് നടപ്പാക്കുകമാത്രമേ ഡൽഹി സർക്കാർ ചെയ്യുന്നുള്ളൂ. പല കത്തുകളിലൂടെ പദ്ധതിക്കായി കേന്ദ്രസർക്കാരിന്റെ സഹായം ചോദിച്ചിരുന്നു. ഇതുവരെയും കേന്ദ്രസർക്കാർ ഒരു തടസ്സവാദവും ഉന്നയിച്ചിട്ടില്ല.

ഹൈക്കോടതിയിലെ കേസാണ് ഉന്നയിക്കപ്പെടുന്നതെങ്കിൽ പദ്ധതി നടപ്പാക്കാൻ ഇതുവരെ സ്റ്റേ ഉത്തരവൊന്നുമില്ല.