പൊളിക്കുന്നത് പതിനായിരം വീടുകൾ

ന്യൂഡൽഹി : ഫരീദാബാദ് ജില്ലയിലെ ലകർപുർ ഖോരി ഗ്രാമത്തിൽ വനം കൈയേറി നിർമിച്ച പതിനായിരത്തോളം വീടുകൾ പൊളിച്ചുകളയുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇത് സാധാരണ സ്ഥലമല്ലെന്നും വനഭൂമിയാണെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പുനരധിവാസ പദ്ധതിയ്ക്കായി കോർപ്പറേഷന് മുൻപാകെ രേഖകൾ സമർപ്പിക്കാൻ പരാതിക്കാർക്ക് ആവശ്യത്തിന് സമയം ലഭിച്ചതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 2020 ഫെബ്രുവരിയ്ക്കുശേഷം അവിടെ നിന്നൊഴിയാൻ ഒട്ടേറെ അവസരവും നൽകി.

വനഭൂമിയിൽനിന്ന് കൈയേറ്റം ഒഴിപ്പിക്കാൻ ഹരിയാണ സർക്കാരിനോടും ഫരീദാബാദ് മുനിസിപ്പൽ കോർപ്പറേഷനോടും ജൂൺ ഏഴിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഇതുപ്രകാരം മുന്നോട്ടുപോകാൻ അധികൃതരോട് ആവശ്യപ്പെട്ട സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് ജൂലായ് 27-ലേക്ക് മാറ്റി.

ഭൂമി കൈയേറുന്നവർക്ക് നിയമത്തിന്റെ ആനുകൂല്യം നൽകാനാവില്ലെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ നേരത്തേ വ്യക്തമാക്കിയിരുന്നു. കൈയേറ്റം നീക്കിയശേഷം നടപടി റിപ്പോർട്ട് സമർപ്പിക്കാനും സർക്കാരിനോട് കോടതി നിർദേശിച്ചു.