ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു സർവകലാശാലാ കാമ്പസിൽ (ജെ.എൻ.യു.) എത്രയും വേഗം കോവിഡ് കെയർ സെന്റർ ആരംഭിക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. കാമ്പസിലെ താമസക്കാരിൽ കോവിഡ് പോസിറ്റീവായവരെ എത്രയുംവേഗം സമ്പർക്കവിലക്കിലാക്കാൻ സൗകര്യമുണ്ടാക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിങ് ഉത്തരവിട്ടു.

കാമ്പസിലെ കോവിഡ് കെയർ സെന്ററിൽ ഓക്സിജൻ സൗകര്യമുള്ള കിടക്കകളും ഉണ്ടായിരിക്കണം. ഏതെങ്കിലും ആശുപത്രിയുമായി പങ്കാളിത്തം ആവശ്യമെങ്കിൽ അക്കാര്യം വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു.

കാമ്പസിൽ 12,000 മുതൽ 15,000 വരെ പേർ താമസിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജെ.എൻ.യു.വിലെ വിദ്യാർഥി, അധ്യാപക സംഘടനകളും രണ്ട് പ്രൊഫസർമാരും നൽകിയ ഹർജിയിലാണ് ഉത്തരവ്. കാമ്പസിൽ കോവിഡ് കെയർ സെന്ററും കോവിഡ് റെസ്‌പോൺസ് ടീമും സജ്ജമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

കാമ്പസിലെ ഗസ്റ്റ് ഹൗസുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റാമെന്ന് എസ്.ഡി.എം. അറിയിച്ചു. ഇപ്പോൾ സംസ്ഥാനത്തെ ആശുപത്രികളിൽ കോവിഡ് കിടക്കകൾ ആവശ്യത്തിന് ഒഴിവുണ്ടെന്ന് ഡൽഹി സർക്കാർ പറഞ്ഞു. കേസ് മേയ് 28-ന് വീണ്ടും പരിഗണിക്കും.