ന്യൂഡൽഹി : നഗരത്തിൽ പുതുതായി നൂറ് അത്യാധുനിക ബസുകൾ സർവീസിനിറക്കി. രാജ്ഘട്ട് ക്ലസ്റ്റർ ബസ് ഡിപ്പോക്കുകീഴിൽ ഇറക്കിയ ബസുകൾ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഫ്ളാഗ് ഓഫ് ചെയ്തു. നഗരത്തിലെ മൊത്തം ഡി.ടി.സി. ബസുകളുടെ എണ്ണം 6900 ആയി ഉയർന്നു.

ഗതാഗതമേഖലയിൽ ഉണർവുണ്ടായ കോമൺവെൽത്ത് ഗെയിംസ് കാലയളവിൽ ആറായിരം ബസുകളായിരുന്നു. പൊതുഗതാഗതം കാര്യക്ഷമമാക്കാൻ കെജ്‌രിവാൾ സർക്കാർ ഊർജിതമായി നടപടിയെടുത്തുവരുന്നു. ഇപ്പോൾ ഏറെ സുരക്ഷിതമാണ് നഗരത്തിലെ പൊതുഗതാഗതം.

ഡൽഹിയിലെ ഒമ്പതു ക്ലസ്റ്റർ റൂട്ടുകളിലായി പുതിയ ബസുകൾ സർവീസിനിറക്കും. നൂറു ലോ-ഫ്ളോർ എ.സി. സി.എൻ.ജി. ബസുകളാണ് വെള്ളിയാഴ്ച സർവീസിനിറക്കിയത്. ഇതിനൊപ്പം കൂടുതൽ സി.എൻ.ജി., ഇലക്‌ട്രിക് ബസുകൾക്കൂടി നിരത്തിലിറക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. നഗരത്തിലെ പൊതുഗതാഗതം ആധുനികവത്കരിക്കാൻ സർക്കാരിനുകഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഘുമൻഹേഡയിൽ പുതുതായി ഒരു ബസ് ഡിപ്പോ കൂടി വികസിപ്പിക്കും. നഗരത്തിൽ ഇപ്പോൾ 6900 ബസുകൾ സർവീസ് നടത്തുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരുംദിവസങ്ങളിൽ കൂടുതൽ ഇലക്‌ട്രിക് ബസുകൾ നിരത്തിലിറങ്ങും. സി.എൻ.ജി. ബസുകൾ കൂടുതൽ വാങ്ങാനും നടപടിയെടുത്തുവരുന്നു. ഒട്ടേറെ നിയമനടപടികൾ പൂർത്തിയാക്കാനുള്ളതിനാൽ ഇതിന് രണ്ടോ മൂന്നോ വർഷമെടുക്കും. ഡൽഹിയിലെ പൊതുഗതാഗതം ഉന്നതനിലവാരത്തിലേക്കു വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി കൈലാഷ് ഗെഹ്‌ലോത്തും ചടങ്ങിൽ പങ്കെടുത്തു.

ഐ.ടി. അധിഷ്ഠിത സി.സി.ടി.വി. കാമറകൾ, വനിതകൾക്കായി അപായബട്ടൺ, ജി.പി.എസ്., കൺട്രോൾ റൂം വഴി ദ്വിമാർഗ ആശയവിനിമയസംവിധാനം, ഡിസ്ക് ബ്രേക്ക്‌, അഗ്നിപ്രതിരോധവിദ്യ തുടങ്ങിയ അത്യാധുനികസംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുള്ളതാണ് പുതിയ ബസുകൾ.