ന്യൂഡൽഹി : രാജ്യതലസ്ഥാനത്തിനുമേൽ കാഴ്ചമറയ്ക്കുന്നവിധം പിടിമുറുക്കി മൂടൽമഞ്ഞ്. സൂര്യന് ഓറഞ്ചുനിറം നൽകി ഡൽഹിയ്ക്കുമേൽ വിഷമേഘങ്ങൾ നിറയുകയാണ്. ഇടതൂർന്ന മൂടൽമഞ്ഞ് സഫ്ദർജംഗ്, പാലം എന്നിവിടങ്ങളിൽ ദൃശ്യപരത 50 മീറ്ററായി കുറഞ്ഞതായി ഇന്ത്യൻ കാലാവസ്ഥാവകുപ്പ് അറിയിച്ചു. അടുത്ത നാലുദിവസത്തേക്ക് ഡൽഹിയിൽ മൂടൽമഞ്ഞ് ഉണ്ടാകും.

വെള്ളിയാഴ്ച ഏറ്റവുംകുറഞ്ഞ താപനില ആറ്‌ ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കൂടിയതാപനില ഏകദേശം 17 ഡിഗ്രി സെൽഷ്യസായി. ദൂരക്കാഴ്ചകൾ സാധ്യമല്ലാത്ത സാഹചര്യത്തിൽ റോഡ്, ട്രെയിൻ, വ്യോമഗതാഗതം തടസ്സപ്പെട്ടു.

കാറ്റിന്റെവേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതുംമൂലം ഡൽഹിയിൽ കനത്ത പുകമഞ്ഞാണ്.

ഡൽഹി, കിഴക്കൻ യു.പി., പഞ്ചാബ്, വടക്കൻ രാജസ്ഥാൻ, ഹരിയാന, ബിഹാർ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ സ്ഥലങ്ങളിൽ ദൃശ്യപരിധി കുറവാണെന്നും കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി.

നഗരത്തിലെ അന്തരീക്ഷവായുനില ഗുരുതരാവസ്ഥയിൽ തുടരുന്നു. ഉയർന്ന ആർദ്രതകാരണം നഗരത്തിലെ വായുവിന്റെ ഗുണനിലവാരം കൂടുതൽവഷളായി.

വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വായുഗുണനിലവാര സൂചിക 352 രേഖപ്പെടുത്തി. നവംബർ ആദ്യംമുതൽ അപകടകരമായ മലിനീകരണ തോത്‌ നേരിടുന്ന മേഖലയിലെ പലസ്ഥലങ്ങളിലും കാഴ്ചശക്തി 200 മീറ്ററിലേക്ക് ചുരുങ്ങി.