ന്യൂഡൽഹി : ജനുവരി ഒമ്പതിനും 12-നും ഇടയിൽ കോവിഡ് ബാധിച്ച് തലസ്ഥാനത്ത് മരിച്ച മൂന്നുകുട്ടികളും മറ്റ് ഗുരുതരോഗങ്ങളിൽ ചികിത്സയിലിരുന്നവരെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ വെള്ളിയാഴ്ച പറഞ്ഞു.

നാലുദിവസത്തിനുള്ളിൽ മരിച്ച മൂന്നു കുഞ്ഞുങ്ങൾ മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളിൽ ചികിത്സയിലിരുന്നവരാണ്. രക്തം കട്ടിപിടിക്കുന്ന അപൂർവരോഗമുള്ള ഒരു കുഞ്ഞിന് ഏഴിനാണ് കോവിഡ് സ്ഥിരീകരിച്ചത്. എട്ടിന് ലോക്നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പതിന് മരിച്ചു.

രണ്ടാമത്തെ കുഞ്ഞിനെ ജനുവരി ഏഴിന് എൽ.എൻ.ജെ.പി.യിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗബാധിതനായ കുഞ്ഞിന് എട്ടിന് കോവിഡ്‌ സ്ഥിരീകരിച്ചു. 10-ന് മരിച്ചു.

മൂന്നാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കുകയാണെന്നും ആറിന് കോവിഡ് കണ്ടെത്തി 10-ന് മരിച്ച കുഞ്ഞിന് കരൾരോഗമുണ്ടായിരുന്നുവെന്നും സത്യേന്ദ്ര ജെയിൻ പറഞ്ഞു. അതിനാൽ ആശങ്കയ്ക്ക് വകയില്ല. മൂന്നാം കോവിഡ് തരംഗം കുട്ടികളെയാണ് കൂടുതൽ ബാധിക്കുകയെന്നതരത്തിലുള്ള വാർത്തകളിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക്

വളരെനേരിയ രോഗലക്ഷണമുള്ള കുട്ടികൾക്ക് ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിൽ വീടുകളിൽതന്നെ കഴിയാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ വീടുകളിൽകഴിയുന്ന രോഗികളായ കുട്ടികളിൽ വലിയ കുട്ടികളെ മാസ്ക് ധരിക്കാനും കൈകൾ ഇടയ്ക്കിടെ കഴുകാനും പരിശീലിപ്പിക്കണം. വീട്ടിലുള്ള ഒരാൾമാത്രം കുട്ടികളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നതാണ് നല്ലത്.

പനിയുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം മരുന്നുകൾ നൽകാം. അതേസമയം ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഇവരെ ധാരാളം വെള്ളം കുടിപ്പിക്കണം. ഒ.ആർ.എസ്. ലായനി, കഞ്ഞിവെള്ളം എന്നിവ നൽകാം. കുഞ്ഞുങ്ങൾക്ക് ബേക്കറി പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡുകൾ എന്നിവയൊഴിവാക്കി പോഷകങ്ങൾ ഉൾപ്പെടുന്ന സമീകൃതാഹാരം മാത്രം നൽകാൻ ശ്രദ്ധിക്കുക.

കുട്ടികൾക്ക് അസുഖംവന്നാൽ മാതാപിതാക്കളിൽ ഭയവും ഉത്കണ്ഠയും സ്വാഭാവികമാണ്. എന്നാൽ, ഇത് കുട്ടികളിൽ അസുഖത്തെക്കുറിച്ച് അമിതമായ പേടി ജനിപ്പിക്കാൻ കാരണമായേക്കും. അതുകൊണ്ട് രോഗികളായ കുട്ടികളോട് സംയമനത്തോടെയും സന്തോഷത്തോടെയും പെരുമാറുകയും അവർക്ക് രോഗം ഉടൻ ഭേദമാകും എന്നരീതിയിൽ ആത്മവിശ്വാസം നൽകുകയും വേണം. അതേസമയം ഗുരുതരലക്ഷണങ്ങളുള്ള കുട്ടികളെയും അർബുദം, വൃക്ക, കരൾ, ഹൃദയം എന്നീ അവയവങ്ങൾക്ക് രോഗങ്ങളുള്ളവരെയും പ്രതിരോധശേഷി കുറഞ്ഞവരെയും കഴിയുന്നതും ആശുപത്രികളിലേക്ക് മാറ്റണം.