ന്യൂഡൽഹി

: ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനൊരു യാത്ര- ലോകത്തെ ഏറ്റവും ഉയരംകൂടിയ മോട്ടോർ റോഡുകളിലൊന്നായ കർദൂങ്‌ലാ പാസിലേക്ക് ആലപ്പുഴയിൽ നിന്ന് സൈക്കിൾ ചവിട്ടിത്തുടങ്ങുമ്പോൾ ജെസ്വിൻ ഡാനി ജെയിംസ് എന്ന 23-കാരന്റെ മനസ്സിൽ അതുമാത്രമായിരുന്നു. ഓഗസ്റ്റ് 22-ന് പുറപ്പെട്ട ജെസ്വിൻ ലഡാക്കും പിന്നിട്ട് കഴിഞ്ഞദിവസം കർദൂങ്‌ല കയറി.

ഒരിക്കലും മറക്കാത്ത ഒരായിരം ഓർമകളും അനുഭവങ്ങളുമാണ് ഈ സൈക്കിൾ യാത്ര തനിക്ക് സമ്മാനിച്ചതെന്ന് സിവിൽ എൻജിനിയറായ ജെസ്വിൻ പറഞ്ഞു.

മാവേലിക്കരയിലെ ജെയിംസ് വർഗീസിന്റേയും സുനിലയുടേയും മകനായ ജെസ്വിൻ കഴിഞ്ഞവർഷം എൻജിനിയറിങ് പാസായശേഷമാണ് ഇത്തരമൊരു യാത്രയേക്കുറിച്ച് ചിന്തിച്ചത്.

ടെന്റ്, യോഗാമാറ്റ്, കിടക്കവിരി, മൂന്നു ജോഡി വസ്ത്രങ്ങൾ, 8000 രൂപ എന്നിവയുമായാണ് യാത്ര തുടങ്ങിയത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ വെറും മൂന്ന് ദിവസം മാത്രമേ ഹോട്ടലിൽ പണംകൊടുത്ത് തങ്ങേണ്ടിവന്നിട്ടുള്ളൂ. ബാക്കിയെല്ലാം പെട്രോൾ പമ്പുകൾ, ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ എന്നിവിടങ്ങളിലായിരുന്നു രാത്രിവാസം. പലയിടത്തും താമസത്തിനൊപ്പം ഭക്ഷണവും സൗജന്യമായി ലഭിച്ചു.

വഴിയിലുടനീളം ജനങ്ങളിൽനിന്ന് ലഭിച്ച പിന്തുണ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ജെസ്വിൻ പറയുന്നു. പുണെയിൽവെച്ച് ഒരു പൂജാരി സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി താമസിപ്പിച്ചു.

ചിലഗ്രാമങ്ങളിൽ ആദിവാസികൾ അവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. മറ്റൊരിടത്ത് ട്രാഫിക് പോലീസുകാരൻ നിൽക്കാൻ ആവശ്യപ്പെട്ടശേഷം പണം നൽകി സഹായിച്ചു. സൗജന്യമായി സൈക്കിൾ നന്നാക്കിത്തന്നവരുമുണ്ട്.

മംഗലാപുരം, ഗോകർണം, യെല്ലാപുർ, കോലാപുർ, പുണെ, വഡോദര, അഹമ്മദാബാദ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി വഴിയാണ് സൈക്കിൾ ചവിട്ടിയത്. സൈക്കിളിലായതിനാൽ ദൂരക്കുറവിനേക്കാളേറെ, കയറ്റംകുറവുള്ള റോഡുകളാണ് തിരഞ്ഞെടുത്തത്. വഴിയിൽ കാണുന്ന ട്രക്ക് ഡ്രൈവർമാരും മറ്റും അത്തരത്തിലുള്ള മാർഗം പറഞ്ഞുകൊടുത്തു.

സൈക്കിളിലും മോട്ടോർ വാഹനങ്ങളിലുമായി നിരവധിപേർ കേരളത്തിൽ നിന്നുൾപ്പെടെ ലഡാക്ക്, കർദൂങ്‌ലാ പാസ്എന്നിവിടങ്ങളിലേക്ക് യാത്രപോകുന്നുണ്ട്. അത്തരം നിരവധിയാളുകളെ യാത്രയിലുടനീളം പലയിടത്തുംവെച്ച് കണ്ടുമുട്ടിയതായും ജെസ്വിൻ പറഞ്ഞു.