ന്യൂഡൽഹി : ഛഠ് പൂജയ്ക്കുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലേക്ക് ബി.ജെ.പി.യുടെ പ്രതിഷേധം. ഇതിനിടെ, ബി.ജെ.പി. എം.പി. മനോജ് തിവാരിക്ക് പരിക്കേറ്റ് സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെവിക്കാണ് മുറിവേറ്റതെന്ന് പാർട്ടി നേതാവ് നീൽകാന്ത് ബക്ഷി പറഞ്ഞു. തലസ്ഥാനനഗരത്തിൽ ലക്ഷക്കണക്കിന് പൂർവാഞ്ചൽ സ്വദേശികളുണ്ടെന്നിരിക്കേ ഛഠ് പൂജയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതു ശരിയായില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത വിമർശിച്ചു.

പൊതുസ്ഥലത്ത്‌ ഛഠ് പൂജ നടത്താൻ പാടില്ലെന്ന നിരോധനം നീക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും ഗുപ്ത ആവശ്യപ്പെട്ടു.

നദീതടങ്ങളിലും ജലാശയങ്ങളിലും പൊതുസ്ഥലത്തും ഛഠ് പൂജ നടത്തരുതെന്നാണ് സെപ്റ്റംബർ 30-ന് ഡൽഹി ദുരന്തനിവാരണ സമിതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ്. കോവിഡ് നിയന്ത്രണം കണക്കിലെടുത്താണ് ഈ നിരോധനം.

എന്നാൽ, ബി.ജെ.പി. മുൻകൈയെടുത്ത് പൊതുസ്ഥലത്ത് ഛഠ് പൂജകൾ നടത്തുമെന്ന് ആദേശ് ഗുപ്ത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ബി.ജെ.പി. ഭരിക്കുന്ന കോർപ്പറേഷനുകൾ ഇതിനുതയ്യാറെടുപ്പുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് പൊതുസ്ഥലത്ത് ഛഠ് പൂജ വിലക്കിയിട്ടുള്ളതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

ഛഠ് മഹാപർവ് നടത്താൻ മാർഗരേഖ വേണം: കേന്ദ്രത്തോട് ഉപമുഖ്യമന്ത്രി

ന്യൂഡൽഹി : ഛഠ് പൂജ നടത്താൻ മാർഗരേഖ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യക്കു കത്തയച്ചു. നിയന്ത്രണങ്ങളോടെ ഛഠ് മഹാപർവ് സംഘടിപ്പിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.

കോവിഡ് സാഹചര്യം മുൻനിർത്തിയാണ് പൊതുസ്ഥലത്ത് ഛഠ് പൂജ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളതെന്ന് ഉപമുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. പൂർവാഞ്ചലുകാരുടെ പ്രധാനപ്പെട്ട ഉത്സവമാണ് ഛഠ് പൂജ. നഗരത്തിൽ വലിയതോതിൽ പൂർവാഞ്ചലികൾ താമസിക്കുന്നു. അവർക്ക് പൂജ നടത്താനായി ഡൽഹി സർക്കാർ 1200 പ്രത്യേക ഛഠ് കടവുകൾ സജ്ജമാക്കിയിരുന്നു. നേരത്തേ 72 കടവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പൂർവാഞ്ചലുകാരുടെ വികാരം കണക്കിലെടുത്ത് ഛഠ് മഹാപർവ് സംഘടിപ്പിക്കാൻ കേന്ദ്രസർക്കാർ അനുവദിക്കണമെന്ന് ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടു.