ന്യൂഡൽഹി : തലസ്ഥാനത്തു ജീവിക്കുന്ന ലൈംഗിക തൊഴിലാളികൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും കോവിഡ് വാക്സിൻ ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യം. ഭൂരിപക്ഷം ട്രാൻസ്‌ജെൻഡർ വിഭാഗക്കാരും മഹാമാരിക്കിരയായി. അവരുടെ പക്കൽ അതിജീവനത്തിനായി പണവുമില്ല. മാത്രവുമല്ല, അവർക്ക് വാക്സിനെടുക്കാൻ ആശ്രയവുമില്ല. വാക്സിൻ ക്ഷാമമുണ്ടെന്നു ഞങ്ങൾക്കറിയാം. പക്ഷേ, 45 വയസ്സിനു മുകളിലുള്ളവർ ഞങ്ങൾക്കിടയിൽ ഏറെയുണ്ട്. അവരിൽ പലർക്കും ആധാർ കാർഡില്ല. അതും വാക്സിനെടുക്കാൻ തടസ്സമാവുന്നു. സഹായിക്കാൻ ആരെങ്കിലും രംഗത്തു വരണം- ട്രാൻസ്‌ജെൻഡർ വെൽബീയിങ് ആൻഡ്‌ അഡ്വക്കസി എന്ന സംഘടനയുടെ ഉപദേശക അമൃത സർക്കാർ പറഞ്ഞു.

ട്രാൻസ്‌ജെൻഡർ വിഭാഗക്കാരിൽ പലരും എച്ച്.ഐ.വി. ബാധിതരാണ്. ലഹരിമരുന്നിന് അടിമകളായവരുമുണ്ട്. നഗരത്തിൽ 55633 ലൈംഗിക ത്തൊഴിലാളികളുണ്ടെന്നാണ് കണക്കുകൾ. ട്രാൻസ്‌ജെൻഡർ വിഭാഗക്കാരായി 9496 പേരും. ദേശീയ എയ്ഡ്‌സ് നിയന്ത്രണ പദ്ധതിയിൽ മുൻഗണനാവിഭാഗത്തിലുള്ള ഈ വിഭാഗക്കാർ കോവിഡ് വാക്സിനിൽ അവഗണിക്കപ്പെടുന്നുവെന്നാണ് പരാതി. ലൈംഗിക തൊഴിലാളികൾക്ക് വാക്സിനേഷൻ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന് ആൾ ഇന്ത്യ നെറ്റ് വർക്ക് ഓഫ് സെക്സ് വർക്കേഴ്‌സ് ആവശ്യപ്പെട്ടു. വിവിധ തരത്തിലുള്ള സാമൂഹികവിവേചനം നേരിടുന്നവരാണ് ട്രാൻസ്‌ജെൻഡർ വിഭാഗക്കാരും ലൈംഗിക തൊഴിലാളികളും. ഔദ്യോഗികരേഖകളുടെ അഭാവവും അവർക്കുണ്ട്. ഈ പ്രശ്നങ്ങളെല്ലാം മറികടന്ന് അവർക്ക് കോവിഡ് വാക്സിനേഷൻ നൽകാൻ നടപടിയുണ്ടാവണമെന്നും സംഘടന ആവശ്യപ്പെട്ടു.

അതേസമയം, ഈ വിഭാഗങ്ങൾക്കായി പ്രത്യേക വാക്സിനേഷൻ പരിപാടി ആലോചിച്ചു വരുന്നതായി സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതു നടപ്പാക്കാൻ പ്രത്യേക സർക്കാർ ഉത്തരവിന്റെ ആവശ്യമില്ലെന്ന് വനിത-ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രശ്മി സിങ് പറഞ്ഞു. ഓരോ ജില്ലയിലും നിലവിലുള്ള കർമസേനയ്ക്ക് ഇത്തരം കാര്യങ്ങളിൽ മുൻകൈയെടുക്കാവുന്നതേയുള്ളൂ. എന്നാൽ, ഇതുവരെ അത്തരമൊരു പരിപാടി നടന്നിട്ടില്ലെന്നും അവർ സമ്മതിച്ചു.