ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗം വരുമ്പോൾ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കാൻ മുന്നൊരുക്കവുമായി ഡൽഹി സർക്കാർ. ഇതിന്റെ ഭാഗമായി വനിത-ശിശുക്ഷേമമന്ത്രി രാജേന്ദ്ര പാൽ ഗൗതമിന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു.

ശിശുഭവനങ്ങൾ, നിരീക്ഷണകേന്ദ്രങ്ങൾ, അഭയകേന്ദ്രങ്ങൾ എന്നിവയ്ക്കു മുൻഗണന നൽകിയുള്ള പ്രതിരോധപ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.

ഇതിന് സന്നദ്ധസംഘടനകളുടെയും അങ്കണവാടി വർക്കർമാരുടെയും സേവനവും സഹകരണവും ഉറപ്പാക്കണം. വനിത-ശിശുക്ഷേമ വകുപ്പ് നോഡൽ ഏജൻസിയായി പ്രവർത്തിക്കും. എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങളിലും വിദഗ്ധരുടെ സേവനം ലഭ്യമാക്കും. എത്രത്തോളം കിടക്കകളും ഓക്സിജനും വെന്റിലേറ്ററുകളുമൊക്കെ വേണമെന്ന് അവർ വിലയിരുത്തും.

ആശുപത്രികളിൽ കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാനുള്ള കിടക്കകളും വെന്റിലേറ്ററുകളും മറ്റും തയ്യാറായി വരുന്നു. കുട്ടികളുടെ വിവരശേഖരം നടത്തി രക്ഷിതാക്കൾക്ക് വാക്സിനേഷൻ നൽകാനുള്ള സൗകര്യവുമൊരുക്കും.