ന്യൂഡൽഹി : എവിടെയാണോ വോട്ട് അവിടെ വാക്സിൻ പദ്ധതിക്ക് തുടക്കമായി. നാൽപത്തിയഞ്ച്‌ വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ ഊർജിതമാക്കാനുള്ള പരിപാടിയുടെ ഭാഗമായി ലാൻസർ റോഡിലെ സർക്കാർ സർവോദയവിദ്യാലയം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സന്ദർശിച്ചു. മികച്ച പ്രതികരണമാണ് പദ്ധതിക്ക്‌ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർമാർക്ക് വീട്ടിൽ നിന്നും വാക്സിനേഷൻ കേന്ദ്രത്തിലെത്താൻ ഇ-റിക്ഷാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പുവേളയിൽ ബൂത്തുതല ഉദ്യോഗസ്ഥർ സ്ലിപ്പ് കൊടുക്കുന്നതുപോലെ വീടുകൾ സന്ദർശിച്ച് വാക്സിനുള്ള കുറിപ്പടി കൈമാറും. സ്ലിപ്പുലഭിച്ചിട്ടും വാക്സിനെടുക്കാൻ വരാത്തവരെ ബൂത്തുതല ഉദ്യോഗസ്ഥർ വീടുകളിൽ വീണ്ടും സന്ദർശിച്ച് വാക്സിനേഷനു പ്രേരിപ്പിക്കും. അടുത്ത നാലാഴ്ചയ്ക്കുള്ളിൽ 45 വയസ്സിനുമുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ പൂർത്തിയാക്കും. ഡൽഹിയിലെ ഈ മാതൃക രാജ്യമെമ്പാടും നടപ്പാക്കാവുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

എല്ലാ നിയമസഭാ മണ്ഡലത്തിലും ഏറെ മെച്ചപ്പെട്ട തിരഞ്ഞെടുപ്പുസംവിധാനമുണ്ട്. അതുകൊണ്ടുതന്നെ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എവിടെയാണോ വോട്ടുചെയ്തത് അവിടെത്തന്നെ വാക്സിനെടുക്കാൻ സൗകര്യമുള്ളതാണ് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനം. ബൂത്തുതല ഉദ്യോഗസ്ഥർ വീടുകളിലെത്തി ദിവസവും സമയവും നിശ്ചയിച്ചുനൽകുന്നതിനാൽ വാക്സിനേഷൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടം കുറയ്ക്കാനാവും. ബൂത്തുതല ഉദ്യോഗസ്ഥർ രണ്ടു ദിവസം അതാതു പ്രദേശത്തെ വീടുകൾ സന്ദർശിക്കും. ഇങ്ങനെ, സ്ലിപ്പു ലഭിക്കുന്നവർ അടുത്ത രണ്ടു ദിവസങ്ങളിൽ കോവിഡ് വാക്സിനെടുക്കുന്ന നിലയിലാണ് ക്രമീകരണം.

ഡൽഹിയിലെ 70 വാർഡുകളിൽ പദ്ധതി ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ, 272 വാർഡുകളുണ്ട്. ഒരു വാർഡുകളുമില്ലാത്ത രണ്ടു നിയമസഭാ മണ്ഡലങ്ങളും ഡൽഹിയിലുണ്ട്. ഇപ്പോൾ 45 വയസ്സിനു മുകളിലുള്ളവർക്കാണ് വാക്സിനേഷൻ. മതിയായ ഡോസുകൾ ലഭിച്ചിരുന്നെങ്കിൽ 18-44 പ്രായപരിധിയിലുള്ളവർക്കും വാക്സിൻ നൽകാമായിരുന്നു.

പോളിങ് സ്റ്റേഷനുകളിലൂടെ വാക്സിൻ നൽകുന്നതുവഴി രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നഗരവാസികൾക്കെല്ലാം വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വാക്സിൻ ലഭ്യതയാണ് ഇപ്പോഴും നേരിടുന്ന വെല്ലുവിളി. ജൂൺ 21 മുതൽ കേന്ദ്രസർക്കാർ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുന്നതിൽ സന്തോഷം. ഇതിന്‌ സുപ്രീംകോടതിയോട്‌ പ്രത്യേകം നന്ദിപ്രകടിപ്പിക്കുന്നു. സംഭവിച്ചതെല്ലാം രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടിയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.