ന്യൂഡൽഹി : പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടത്തിയ അക്രമത്തിനിടയിൽ ഇന്ത്യൻ പതാകയുമായി എത്തിയ മലയാളി വിൻസെന്റ് പാലത്തിങ്കലിനെതിരേ ഡൽഹി പോലീസിൽ പരാതി. ഇന്ത്യൻ പാസ്പോർട്ടിന് ഉടമയായ വിൻസെന്റ് ദേശീയ പതാകയെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകൻ ദീപക് കെ. സിങ് ആണ് തെക്കൻ ഡൽഹിയിലെ കൽക്കാജിയിലുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
1971-ലെ നാഷണൽ ഓണർ ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ, 1967-ലെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിലെ 15-ാം വകുപ്പ് എന്നിവ പ്രകാരം അദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. വിൻസെന്റിന്റെ ട്വിറ്റർ, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നതാണു മറ്റൊരാവശ്യം. വെർജിനയിൽ സ്ഥിരതാമസമാക്കിയ കൊച്ചി സ്വദേശിയാണ് 54-കാരനായ വിൻസെന്റ്. വിൻസെന്റിനോടൊപ്പം വേറെയും ഇന്ത്യക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.