ന്യൂഡൽഹി : രാജ്യത്തെ എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്. അതിൽനിന്ന് രാജ്യത്തെ ജനതയെ രക്ഷിക്കലാണ് പ്രധാനം. എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കുന്നു. ഇതിനുവേണ്ടി ചെലവഴിക്കുന്ന പണം ഒരുപാടു പേരുടെ ജീവൻ രക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹിയിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് സംസ്ഥാന സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. നഗരത്തിൽ വാക്സിൻ വിതരണത്തിനുള്ള തയ്യാറെടുപ്പുകളും ഊർജിതമാക്കി. മുൻഗണനാവിഭാഗത്തിൽ 51 ലക്ഷം പേരുള്ളതാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ള പട്ടിക.