ജീവനുള്ള പക്ഷികളുടെ ഇറക്കുമതി നിരോധിച്ചു
ന്യൂഡൽഹി : പക്ഷിപ്പനിയെക്കുറിച്ചുള്ള ആശങ്ക പരക്കവേ തെക്കൻ ഡൽഹിയിലെ ജസോള പാർക്കിലും കാക്കകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. സഞ്ജയ് ലേക്കിൽ താറാവുകളും ചത്തു.
കഴിഞ്ഞദിവസങ്ങളിൽ മയൂർവിഹാർ ഫേസ് ത്രീ, ദ്വാരക, ഹസ്താൽ എന്നിവിടങ്ങളിൽ കാക്കകളും പക്ഷികളും കൂട്ടത്തോടെ ചത്തൊടുങ്ങിയതിനു പിന്നാലെയാണിത്. ജസോളയിൽ കഴിഞ്ഞ മൂന്നു ദിവസമായി 24 കാക്കകളെ ചത്തനിലയിൽ കണ്ടെത്തി. സഞ്ജയ് ലേക്കിലെ പത്തു താറാവുകൾ ചത്തു.
പക്ഷികൾ ചത്തൊടുങ്ങുന്നത് വ്യാപകമായതോടെ, ഡൽഹിയിൽ ജീവനുള്ള പക്ഷികളെ ഇറക്കുമതിചെയ്യുന്നത് സർക്കാർ നിരോധിച്ചു. ഗാസിപ്പുർ കോഴിവളർത്തൽ മാർക്കറ്റ് പത്തുദിവസത്തേക്ക് അടച്ചിട്ടതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. ഇതുവരേയും ഡൽഹിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, 104 സാംപിളുകൾ ജലന്ധറിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഫലം വരുമെന്നാണ് പ്രതീക്ഷ. അതനുസരിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സഞ്ജയ് ലേക്കിൽ ചത്ത താറാവുകളുടെ സാംപിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി ഡി.ഡി.എ. അധികൃതർ അറിയിച്ചു. കാക്കകൾ ചത്തതിനെക്കുറിച്ച് വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ഒട്ടേറെ പാർക്കുകളും ജലാശയങ്ങളും ഡി.ഡി.എ.യുടെ നിയന്ത്രണത്തിലാണ്. ഇവിടങ്ങളിലൊക്കെ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ പാർക്കുകളും ഇപ്പോൾ തുറന്നനിലയിലാണ്. അതേസമയം, ഹൗസ്ഖാസിലെ പാർക്കിൽ സന്ദർശകരെ വിലക്കണമെന്നാണ് സുരക്ഷാജീവനക്കാരുടെ അഭ്യർഥന. വൻതോതിൽ ദേശാടനപക്ഷികൾ എത്തിച്ചേരുന്ന പാർക്കുകൂടിയാണിത്.
പക്ഷികൾ ചത്തിട്ടുള്ളത് പക്ഷിപ്പനി കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണവകുപ്പ് മേധാവി ഡോ. രാകേഷ് സിങ് പറഞ്ഞു. പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച അവലോകനയോഗം ചേർന്നിരുന്നു.
ജലാശയങ്ങളിലും പാർക്കുകളിലും മാർക്കറ്റുകളിലുമൊക്കെ നിരീക്ഷം ഊർജിതമാക്കാനും നിർദേശിച്ചിരുന്നു. ഇതിനായി 11 ദൗത്യസംഘങ്ങളേയും ഡൽഹി സർക്കാർ ചുമതലപ്പെടുത്തി.