ന്യൂഡൽഹി : ഓക്സിജൻ സിലിൻഡറുകളും കോവിഡിനുള്ള അവശ്യമരുന്നും പൂഴ്ത്തിവെക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാവുമെന്ന് ഡൽഹി പോലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവ വ്യക്തമാക്കി. കരിഞ്ചന്തക്കാരെ കണ്ടെത്തി കർശനമായ ശിക്ഷ ഉറപ്പാക്കും. ഇതു സംബന്ധിച്ച് ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാർക്ക് അദ്ദേഹം ഉത്തരവുകളയച്ചു.

അവരവരുടെ സോണുകളിൽ പൂഴ്ത്തിവെച്ച മരുന്നുകളും ഓക്സിജൻ സിലിൻഡറുകളും മറ്റും കണ്ടെത്തി ആവശ്യക്കാർക്കു ലഭ്യമാക്കാൻ മതിയായ കോടതി ഉത്തരവുകൾ ഉടൻ സംഘടിപ്പിക്കാനാണ് നിർദേശം.

പകർച്ചവ്യാധിയുടെ വേളയിൽ ജനങ്ങളെ വഞ്ചിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കണം. വെർച്വൽ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള കുറ്റകൃത്യങ്ങളും തടയണം. ഇതിനായി സൈബർ സെല്ലും ക്രൈംബ്രാഞ്ചുമായി ഏകോപിപ്പിച്ച് ഡെപ്യൂട്ടി കമ്മിഷണർ അനുയോജ്യമായ നടപടികളെടുക്കണം.

കൺടെയ്ൻമെന്റ് സോണുകളിലും മറ്റും നിരീക്ഷണം ഊർജിതമാക്കണം. അവശ്യവസ്തുക്കൾ വിൽക്കുന്നവർ പ്രോട്ടോകോൾ പാലിച്ച് സാധനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത്തരം കടകളിൽ പൊതുജനനാരോഗ്യത്തിനു ഭീഷണിയാവുന്ന തരത്തിലുള്ള നടപടികളുണ്ടോയെന്ന് നിരന്തരമായി നിരീക്ഷിക്കണം.

പച്ചക്കറിയും പഴവർഗങ്ങളുമൊക്കെ തുറന്ന സ്ഥലത്തുവേണം വെക്കാൻ. വിൽപ്പനക്കാർ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന പരിശോധന വേണം. പച്ചക്കറി മാർക്കറ്റുകൾ അടച്ചു കഴിഞ്ഞാൽ ശുചീകരണം നടപ്പാക്കുന്നുണ്ടെന്നും ഉറപ്പാക്കണം. അനുവദനീയമായ രീതിയിൽ മാത്രമേ വാണിജ്യവാഹനങ്ങൾ സഞ്ചരിക്കുന്നുള്ളൂവെന്നും പരിശോധന വേണം.

റംസാൻ വ്രതത്തിനു സമാപനം കുറിച്ചുള്ള പെരുന്നാൾ ആഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചിട്ടാണെന്ന് ഉറപ്പാക്കാൻ ആത്മീയാചാര്യന്മാരുമായി ആശയവിനിമയം നടത്തണം. വെൽനെസ് സെന്ററുകളിൽ വാക്സിനേഷൻ നടപ്പാക്കാനുള്ള സാധ്യത തേടണം. രണ്ടാം ഡോസെടുക്കേണ്ടവർക്ക് ഇതു സൗകര്യമാവും. ആദ്യഡോസെടുക്കുന്ന സ്ഥലങ്ങളിലെ തിരക്കും ഒഴിവാക്കാം.

രോഗബാധിതരെ ആവശ്യമെങ്കിൽ ആശുപത്രികളിലെത്തിക്കാൻ സ്വകാര്യ ആംബുലൻസുകാരുമായി പോലീസ് ധാരണയുണ്ടാക്കണം. കോവിഡ് മുക്തരായവരെ പ്ലാസ്മ നൽകാൻ പ്രോത്സാഹിപ്പിക്കണമെന്നും കമ്മിഷണർ നിർദേശിച്ചു.

വാക്സിനേഷന് മുംബൈ മാതൃക ആവശ്യപ്പെട്ട് ഹർജി

ന്യൂഡൽഹി : മുംബൈ മാതൃകയിൽ തലസ്ഥാനത്തും വാക്സിനേഷൻ ഒരുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തുറസായ സ്ഥലങ്ങളിൽ വാക്സിൻ ഡ്രൈവ് നടത്തുന്നതാണ് മുംബൈ മാതൃക.

ഇതിനായി കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും നിർദേശം നൽകണമെന്ന് വ്യവസായി അമൻദീപ് അഗർവാൾ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. ജനങ്ങൾ തമ്മിലുള്ള പരസ്പരസമ്പർക്കം ഒഴിവാക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നാണ് വാദം. വാക്സിൻ കേന്ദ്രങ്ങളിലും ആശുപത്രികളിലുമൊക്കെ ആൾക്കൂട്ടമുണ്ടായാൽ കർഫ്യൂകൊണ്ടോ ലോക് ഡൗൺ നടപ്പാക്കിയിട്ടോ കോവിഡിനെ തോൽപ്പിക്കാൻ കഴിയില്ലെന്നും ഹർജിക്കാരൻ അഭിപ്രായപ്പെട്ടു.