ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്‌നാടിന്റെ നടപടി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഇടക്കാല അപേക്ഷ നൽകി. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ കേസ് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും.

സുപ്രീംകോടതിയുടെ ഇടക്കാല നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ മേൽനോട്ട സമിതിക്ക് നിർദേശം നൽകണമെന്നാണ് കേരളത്തിന്റെ മറ്റൊരാവശ്യം. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്ന തരത്തിൽ മേൽനോട്ട സമിതി പ്രവർത്തിക്കണം. ജലം തുറന്നുവിടുന്നതിൽ തീരുമാനമെടുക്കാൻ കേരള, തമിഴ്‌നാട് പ്രതിനിധികൾ അടങ്ങിയ സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപവത്കരിക്കണം.

അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിട്ടത് ജനത്തെ പരിഭ്രാന്തിയിലാക്കിയെന്നും ശാസ്ത്രീയ അടിത്തറയില്ലാത്ത നടപടികളാണ് തമിഴ്‌നാടിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും കേരളം ചൂണ്ടിക്കാട്ടി.

തമിഴ്നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നുവെന്ന് വ്യക്തമാക്കി കേസിലെ മുഖ്യ ഹർജിക്കാരനായ ഡോ. ജോ ജോസഫ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ അധിക സത്യവാങ്മൂലം നൽകിയിരുന്നു. സംഭവത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

അശാസ്ത്രീയവും മനുഷ്യത്വ വിരുദ്ധവുമായ നടപടിയാണ് തമിഴ്നാടിന്റെ ഭാഗത്ത് നിന്നുണ്ടായത്. ജനം പരിഭ്രാന്തിയിലായെന്നും അർധരാത്രി വീടുപേക്ഷിച്ച് പോകേണ്ട സാഹചര്യമുണ്ടായെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഷട്ടറുകൾ തുറക്കുന്നത് അടക്കം എല്ലാ പ്രവർത്തനങ്ങളിലും മേൽനോട്ട സമിതിയുടെ നേരിട്ടുള്ള സാന്നിധ്യമുണ്ടാകണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.