ന്യൂഡൽഹി : കാലാവസ്ഥാവ്യതിയാനം ജനജീവിതത്തെ ദുരിതത്തിലാഴ്ത്തുകയാണെന്നും പരിഹാരമുണ്ടാകണമെന്നും ലോക്‌സഭയിൽ അംഗങ്ങൾ.

ബുധനാഴ്ച കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് നടന്ന ഹ്രസ്വചർച്ചയിലാണ് ഈ അഭിപ്രായം ഉന്നയിച്ചത്. എൻ.കെ. പ്രേമചന്ദ്രൻ, കനിമൊഴി എന്നിവരാണ് ചർച്ചയ്ക്ക് നോട്ടീസ് നൽകിയത്.ഡി.എം.കെ. അംഗം കനിമൊഴിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. കാലാവസ്ഥാവ്യതിയാനംമൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സർക്കാർ അടിയന്തരപരിഹാരം കണ്ടെത്തണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു.

കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും വേണമെന്ന് കോൺഗ്രസിന്റെ സഭാനേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. കാലാവസ്ഥാവ്യതിയാനമാണ് മോദിസർക്കാരിന്റെ ഏറെ ചർച്ച ചെയ്യപ്പെടാത്ത പരാജയങ്ങളിലൊന്ന്. 2014-ൽ മോദിസർക്കാർ അധികാരമേറ്റ കാലംമുതൽ കാലാവസ്ഥയ്ക്കുനേരെയുള്ള ആക്രമണം ആരംഭിച്ചു. അതിഗുരുതര മാലിന്യപ്രശ്നമുള്ള എട്ടുമേഖലകളിൽ ഫാക്ടറികൾ നിർമിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം മോദിസർക്കാർ നീക്കിയെന്നും അധീർ പറഞ്ഞു.

പണക്കാർ ശുദ്ധവായുവിനായി എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നു. എന്നാൽ, പാവപ്പെട്ടവർക്ക് ഇതിനൊന്നും മാർഗമില്ലെന്ന് തൃണമൂൽ കോൺഗ്രസ് അംഗം ഡോ. കാകോലി ഘോഷ് അഭിപ്രായപ്പെട്ടു. രാജ്യം വികസനത്തിലേക്ക് കുതിക്കുമ്പോൾ, കാലാവസ്ഥാമാറ്റം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ജെ.ഡി.യു അംഗം ദിലേശ്വർ കമായ്ത് പറഞ്ഞു.

ഡൽഹിയിലെ വായുനിലവാര സൂചിക കോവിഡ് അടച്ചിടൽ കാലത്ത് മെച്ചപ്പെട്ടെന്ന് ബി.ജെ.ഡി. അംഗം അച്യുതാനനന്ദ സാമന്ത പറഞ്ഞു. അടച്ചിടലിലേക്ക് തിരിച്ചുപോകണമെന്ന് അഭിപ്രായമില്ല. എന്നാൽ, വായുനിലവാരം മെച്ചപ്പെടുത്താൻ നടപടി വേണമെന്ന് സാമന്ത ആവശ്യപ്പെട്ടു.