ന്യൂഡൽഹി : സുരക്ഷാജാഗ്രത പുലർത്തിയില്ലെങ്കിൽ തലസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം നവംബറിലേതു പോലെ ഗണ്യമായി വർധിക്കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. പാർട്ടികളും മറ്റുമായി ഒത്തുകൂടുന്ന പരിപാടികൾ ജനങ്ങൾ വ്യാപകമായി സംഘടിപ്പിക്കുന്നതിനാലാണ് നഗരത്തിൽ രാത്രികർഫ്യൂ ഏർപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പോസിറ്റിവിറ്റി നിരക്ക് ഉയരുകയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്താൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാവും. കോവിഡ് സ്ഥിതി ഏതുതരത്തിൽ പരിണമിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല. എന്നാൽ, പ്രതിരോധത്തിനായി സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. പ്രതിദിനരോഗികളുടെ എണ്ണം കുറയ്ക്കാനാണ് ഇപ്പോൾ സർക്കാരിന്റെ മുൻഗണന-മന്ത്രി അറിയിച്ചു. പ്രതിദിന രോഗികൾ 5100 കടക്കുകയും രാത്രികാല കർഫ്യൂ ഏർപ്പെടുത്തേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് മാധ്യമപ്രവർത്തകരോട് മന്ത്രിയുടെ പ്രതികരണം.

കോവിഡ് പോസിറ്റിവിറ്റി നിരക്ക് നഗരത്തിൽ അഞ്ചു ശതമാനത്തോളം രേഖപ്പെടുത്തി. വ്യാപകമായി പാർട്ടികൾ സംഘടിപ്പിക്കുകയും ആൾക്കൂട്ടമുണ്ടാവുകയും ചെയ്തതിനാലാണ് കർഫ്യൂ. ഇത്തരം പരിപാടികൾ വഴി ഒരാളിൽനിന്ന്‌ ഒട്ടേറെ പേരിലേക്ക്‌ രോഗംപടരാം. രാത്രികാല കർഫ്യൂ ഒരു കടുത്ത നടപടിയല്ല. സാധാരണ നഗരത്തിലെ ഹോട്ടലുകൾ രാത്രി 11 വരെ പ്രവർത്തിക്കാറുണ്ട്. കർഫ്യൂ ഉള്ളതിനാൽ ഒരു മണിക്കൂർ നേരത്തെ അടയ്ക്കണമെന്നുമാത്രം. കർഫ്യൂവിന്റെ കാര്യക്ഷമത വിലയിരുത്തിയോ എന്നുചോദിച്ചപ്പോൾ കാത്തിരുന്നു കാണാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

അതീവ ജാഗ്രതയിലാണ് സംസ്ഥാന സർക്കാർ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു. മുതിർന്നവർക്കെല്ലാം വാക്സിൻ നൽകണമെന്ന നിലപാട് കേന്ദ്രത്തിനുമുമ്പാകെ ആവർത്തിച്ചു. ഏപ്രിൽ 29-ന് ഐ.പി.എൽ നടക്കാനിരിക്കുന്ന സാഹചര്യവും സർക്കാർ വിലയിരുത്തിവരുന്നു.

ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടായിരത്തോളം കിടക്കകൾ വിവിധ ആശുപത്രികളിലായി സജ്ജമാക്കി. ഇനി 2000-2500 കിടക്കകൾ വരുംദിവസങ്ങളിൽ സജ്ജീകരിക്കും. ചൊവ്വാഴ്ച വരെയുള്ള കണക്കിൽ നഗരത്തിൽ 84,000-ത്തിലേറെ പേർ വാക്സിനെടുത്തു. ഇതിൽ 62,825 പേർ വാക്സിനെടുത്തത് സർക്കാർ ആശുപത്രികൾ വഴിയായിരുന്നു. രാജ്യമെമ്പാടും കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനം കടന്നുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ഡൽഹിയിലും അതീവജാഗ്രത പുലർത്തിവരുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു.