ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചതു വിവാഹത്തിന് തയ്യാറെടുക്കുന്നവർക്കു തിരിച്ചടിയായി. രാത്രിയിലെ ആഘോഷങ്ങൾ വെട്ടിച്ചുരുക്കാനും സമയം മാറ്റാനുമുള്ള ശ്രമത്തിലാണവർ. പുതിയ തീയതി കണ്ടെത്താനുള്ള ശ്രമത്തിലാണ് ചിലർ. മറ്റു ചിലരാവട്ടെ, സമയം കുറച്ച് വിവാഹം ചടങ്ങു മാത്രമാക്കാനും ശ്രമം തുടങ്ങി. ഡൽഹിക്കു പുറത്തുള്ള സ്ഥലങ്ങളിലേക്കു വിവാഹം മാറ്റാൻ തയ്യാറെടുക്കുന്നവരുമുണ്ട്.

കൊടുംവേനൽ ആരംഭിക്കുന്നതിനു മുമ്പാണ് ഡൽഹിയിൽ വിവാഹങ്ങൾ പൊടിപൊടിക്കുക. രാത്രി മുഴുവൻ നീളുന്ന ആഘോഷങ്ങൾ ഉത്തരേന്ത്യൻ വിവാഹങ്ങളുടെ പ്രത്യേകതയുമാണ്. ഏപ്രിലിൽ ഒട്ടേറെ വിവാഹങ്ങൾ നിശ്ചയിച്ചിരുന്നതായും നിലവിലെ സാഹചര്യത്തിൽ ഇതെല്ലാം പ്രതിസന്ധിയിലായിട്ടുണ്ടെന്നും ഇവന്റ് മാനേജ്‌മെന്റ് സംഘങ്ങളും അലങ്കാരങ്ങൾ ക്രമീകരിക്കുന്നവരും പറഞ്ഞു.

‘മുഴുവൻ കുഴഞ്ഞു കിടക്കുകയാണ്. ഓരോ ആഴ്ചയും ഓരോ നിർദേശങ്ങൾ. ഞങ്ങളുടെ വെഡ്ഡിങ് പ്ലാനറോട് അടുത്തത് എന്തു ചെയ്യാമെന്ന് ആലോചിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ രാത്രിയിലെ ആഘോഷത്തിനു സാധ്യതയില്ല. അതിനാൽ പകൽ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്’ ഈ മാസം 28-നു വിവാഹം നിശ്ചയിച്ചിരിക്കുന്ന പരസ് ചൗഹാനും അഭിഷേകും പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നിർദേശം അനുസരിച്ചു വിവാഹങ്ങളിൽ 200 പേർക്കു മാത്രമേ പങ്കെടുക്കാനാവൂ. രാത്രി കർഫ്യൂവിൽ വധൂവരൻമാരുടെ കുടുംബാംഗങ്ങൾക്കു പാസ് അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിനു ക്ഷണിച്ചിട്ടുള്ള മറ്റുള്ളവരുടെ കാര്യം വ്യക്തമല്ലെന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

ചിലർ നോയ്ഡ, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളിലെ ഫാംഹൗസുകളിലേക്കും ഹോട്ടലുകളിലേക്കും ആഘോഷങ്ങൾ മാറ്റാൻ തീരുമാനിച്ചു. രാത്രി പത്തു മണിക്കു മുമ്പ് ആഘോഷങ്ങൾ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മറ്റൊരു കൂട്ടർ. കഴിഞ്ഞവർഷം നിശ്ചയിച്ചിരുന്ന പല വിവാഹവും കോവിഡ് സാഹചര്യത്തിൽ മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇവർക്കും പുതിയ നിർദേശങ്ങൾ തലവേദനയായി.

കർഫ്യൂ നിയന്ത്രണങ്ങൾ കർശനമാക്കി ജെ.എൻ.യു.

: ന്യൂഡൽഹി രാത്രികാല കർഫ്യൂ നിയന്ത്രണങ്ങൾ കർശനമാക്കി ജെ.എൻ.യു. കാമ്പസ് അധികൃതരും. കാമ്പസിനുള്ളിലെ സഞ്ചാരവും ധാബകളുടെ പ്രവർത്തനവും രാത്രിയിൽ വിലക്കി സർവകലാശാല അധികൃതർ ഉത്തരവിറക്കി. എന്നാൽ, പഠനസാഹചര്യത്തെ ബാധിക്കുമെന്നും ഇളവു നൽകണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്.

ഡോ. ബി.ആർ. അംബേദ്കർ സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തനം സാധാരണ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ എട്ടുവരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ ആറു വരെയുമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. കർഫ്യൂ സമയത്തു കാമ്പസിൽനിന്ന്‌ പുറത്തുപോകാനും അകത്തേക്കു വരാനും സാധിക്കില്ല. എന്നാൽ യാത്രയുള്ളവർ, ആശുപത്രിയിൽ പോകുന്നവർ തുടങ്ങിയവർക്ക് ഇളവുണ്ട്.