ന്യൂഡൽഹി : കിഴക്കൻ ഡൽഹിയിലെ ജലക്ഷാമം പരിഹരിക്കാൻ എക്‌സ്ട്രാക്ഷൻ കിണറുകൾ (ഒരു തരം കുഴൽക്കിണർ) സ്ഥാപിക്കുന്ന പദ്ധതി അന്തിമഘട്ടത്തിൽ. ശുദ്ധീകരണ പ്ലാന്റിന്റെ സഹായമില്ലാതെതന്നെ വെള്ളം ഉറവിടത്തിൽ ശുദ്ധീകരിച്ച് വിതരണംചെയ്യാവുന്ന 30 എക്‌സ്ട്രാക്ഷൻ കിണറുകളാണ് ഡൽഹി ജൽ ബോർഡ് സോണിയ വിഹാറിർ സ്ഥാപിച്ചത്. ജല മന്ത്രി സത്യേന്ദ്ര ജയിൻ ഇവിടെ സന്ദർശിച്ചു.

വെള്ളം കിണറ്റിൽനിന്ന് ന്യൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശുദ്ധീകരിച്ച് ജനങ്ങളിൽ എത്തിക്കാൻ കഴിയുമെന്നതാണ് ഈ കിണറുകളുടെ പ്രത്യേകത. സാധാരണ കിണറുകളെ അപേക്ഷിച്ച് 6-8 ശതമാനംവരെ അധികജലം ഇതിൽനിന്ന് ലഭിക്കും. ഒരു കിണറ്റിൽനിന്ന് ദിവസം 1.2 മുതൽ 1.6 ഗാലൻ വെള്ളംവരെ ലഭിക്കും. ഇതോടെ കിഴക്കൻ ഡൽഹി പ്രദേശങ്ങളിൽ ജലവിതരണം 25-30 ശതമാനംവരെ വർധിപ്പിക്കാൻ സാധിക്കും.