ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ബി.ജെ.ഡി.യുടെ പാർലമെന്ററി പാർട്ടിനേതാവ് ഭർതൃഹരി മഹ്താബ് ലോക്‌സഭയിൽ ചൊവ്വാഴ്ച ആവശ്യപ്പെട്ടു.

ഭരണഘടന തയ്യാറാക്കിയ വേളയിൽ ഏകീകൃത സിവിൽ കോഡ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നടന്നെന്നും രാജ്യവിഭജനത്തിന്റെ പ്രശ്നങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സ്വതന്ത്ര ഇന്ത്യ 75 വർഷം പിന്നിട്ടതിനാൽ ഇനി ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടത് അനിവാര്യമാണ്. അതിനാൽ സിവിൽ കോഡ് കൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഏകികൃത സിവിൽ കോഡ് നടപ്പാക്കൽ ഏതെങ്കിലും മതകോഡ് അടിച്ചേൽപ്പിക്കലല്ല. വിവിധ കോഡുകളിൽ നിന്ന് മെച്ചപ്പെട്ട വ്യവസ്ഥകൾ ക്രോഡീകരിക്കുകയാണ് ലക്ഷ്യം. മുസ്‌ലിം വിവാഹ കോഡാണ് രാജ്യത്തെ ഏറ്റവും ആധുനിക സംവിധാനമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച ബി.ജെ.പി. അംഗം നിഷികാന്ത് ദുബേ ലോക്‌സഭയിൽ ഇതേ ആവശ്യമുന്നയിച്ചിരുന്നു.