ന്യൂഡൽഹി : കാറ്റിന്റെ വേഗംകൂടിയതോടെ നഗരത്തിലെ അന്തരീക്ഷനില ഭേദപ്പെട്ടു. തിങ്കളാഴ്ച വായുനിലവാരസൂചികയിൽ 322 ആയിരുന്നത് ചൊവ്വാഴ്ച 255 ആയി കുറഞ്ഞിട്ടുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. അതീവമോശം എന്ന നിലയിൽനിന്ന് മോശം എന്ന അവസ്ഥയിലേക്ക് അന്തരീക്ഷനില മെച്ചപ്പെട്ടു.

ഫരീദാബാദ്- 234, ഗാസിയാബാദ് -235, ഗ്രെയ്റ്റർ നോയ്ഡ- 174, ഗുരുഗ്രാം- 248, നോയ്ഡ- 212 എന്നിങ്ങനെയാണ് സൂചിക. 16 കിലോമീറ്റർ എന്ന നിലയിലാണ് കാറ്റിന്റെ വേഗം. വരുന്ന നാലുദിവസങ്ങളിൽ ഇതു തുടർന്നേക്കും.

കുറഞ്ഞ താപനില 11.4 ഡിഗ്രി രേഖപ്പെടുത്തി. കൂടിയത് 25 ഡിഗ്രിയും. വരുംദിവസങ്ങളിൽ കുറഞ്ഞ താപനില രണ്ടോമൂന്നോ ഡിഗ്രി താഴുമെന്നാണ് പ്രവചനം.

വായുനിലവാരം നേരിയനിലയിൽ മെച്ചപ്പെട്ടെങ്കിലും ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ട്രക്കുകൾക്ക് നഗരത്തിൽ പ്രവേശിക്കാനുള്ള വിലക്ക് തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നിലവിലെ നിരോധനം ചൊവ്വാഴ്ച വരെയായിരുന്നു. എന്നാൽ, അതു നീട്ടാനാണ് സർക്കാർ തീരുമാനം. അവശ്യവസ്തുക്കളുമായുള്ള ചരക്കുവണ്ടികളും സി.എൻ.ജി. വാഹനങ്ങളും പ്രവേശിക്കാൻ വിലക്കില്ല. നിർമാണപ്രവർത്തനങ്ങൾക്കുള്ള നിരോധനവും നീക്കിയിട്ടില്ല. കുട്ടികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി സ്കൂളുകൾ നേരത്തേ അടച്ചിരുന്നു.

ശുദ്ധ ഇന്ധനത്തിലേക്കു മാറാത്ത വ്യവസായശാലകൾ

ന്യൂഡൽഹി : ശുദ്ധമായ ഇന്ധനത്തിലേക്കു മാറാത്ത വ്യവസായശാലകളെല്ലാം ഉടനടി പൂട്ടണമെന്ന് വായുനിലവാരം നിയന്ത്രിക്കാനുള്ള കമ്മിഷൻ ഉത്തരവിട്ടു. ദേശീയ തലസ്ഥാന മേഖലയിലെ വായുനിലവാരം വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഈ നിർദേശം.

മലിനീകരണം സൃഷ്ടിക്കുന്ന ഇന്ധനത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്ന് വ്യവസായശാലകൾക്ക് നേരത്തേ നിർദേശം നൽകിയിരുന്നു. ഇതു ലംഘിച്ച വ്യവസായശാലകൾ ഈ മാസം 12 വരെ മാത്രമേ പ്രവർത്തിക്കാൻ പാടൂ. അടിയന്തരസാഹചര്യം കണക്കിലെടുത്ത് വ്യവസായശാലകൾ ഉടനടി തീരുമാനമെടുക്കണം. ഇല്ലെങ്കിൽ പൂട്ടേണ്ടി വരുമെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി. നിർദേശം പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ പ്രത്യേക ദൗത്യസംഘങ്ങൾ പരിശോധനയ്ക്ക് ഇറങ്ങും. ൽഹിക്കുപുറമേ, മറ്റു സംസ്ഥാന സർക്കാരുകളും ഇക്കാര്യത്തിൽ കർശന നടപടിയെടുക്കണം. നഗരത്തിലെ അന്തരീക്ഷനില മോശം വിഭാഗത്തിൽ തുടരുന്നതുകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനം. വ്യവസായശാലകൾ വാതകത്തിൽമാത്രമേ പ്രവർത്തിക്കാവൂവെന്ന് നവംബർ 11-നു പുറപ്പെടുവിച്ച ഉത്തരവിൽ കമ്മിഷൻ നിർദേശിച്ചിരുന്നു.