ന്യൂഡൽഹി : കട്ട് ഓഫ് മാർക്ക് അടിസ്ഥാനമാക്കിയുള്ള പ്രവേശനരീതിയോട് യോജിപ്പില്ലെന്ന് ഡൽഹി സർവകലാശാലാ വൈസ് ചാൻസലർ യോഗേഷ് സിങ് പറഞ്ഞു. ഒരു വർഷത്തിനകം ഈ സംവിധാനം മാറ്റാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവേശന വിവരങ്ങൾ പരിശോധിച്ച് ശുപാർശകൾ നൽകാൻ താൻ ഒരു സമിതിയെ നിയോഗിച്ചതായി വി.സി. പറഞ്ഞു.

സമിതിയുടെ ശുപാർശകൾ ഈമാസം പത്തിന് നടക്കുന്ന അക്കാദമിക് കൗൺസിൽ യോഗത്തിൽ ചർച്ചചെയ്യും.

പ്രവേശനത്തിന് പലതരം രീതികൾ മാനദണ്ഡമാക്കാവുന്നത്. ഇപ്പോൾ സ്വീകരിച്ചുവരുന്ന കട്ട് ഓഫ് രീതിയാണ് ഒന്നാമത്തേത്.

വിവിധ ബോർഡുകളുടെ മാർക്കുകൾ ഏകീകരിച്ച് അടിസ്ഥാനമാക്കുകയാണ് രണ്ടാമത്തേത്. പ്രവേശനപരീക്ഷ (എൻട്രൻസ്) നടത്തുന്നതാണ് മൂന്നാമത്തെ മാർഗം. പ്രവേശന പരീക്ഷയുടെ മാർക്കും ബോർഡ് പരീക്ഷാ മാർക്കും സമാസമം പരിഗണിച്ചും പ്രവേശനം നടത്താമെന്ന് വൈസ് ചാൻസലർ പറഞ്ഞു. അതേസമയം, കട്ട് ഓഫ് രീതിയോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.