മുംബൈ : കോൺഗ്രസിനെ മാറ്റിനിർത്തി ബി.ജെ.പി. വിരുദ്ധ മുന്നണിയുണ്ടാക്കാനാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ശ്രമിക്കുന്നതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്. ബി.ജെ.പിക്കെതിരേ എൻ.സി.പി.-ശിവസേനാ സഖ്യം നിലവിലുള്ള മഹാരാഷ്ട്രയിൽ തൃണമൂലിന്റെ നീക്കത്തിന് പ്രസക്തിയില്ലെന്ന് പാർട്ടി മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിൽ റാവുത്ത് പറഞ്ഞു.

കഴിഞ്ഞദിവസം മുംബൈയിലെത്തി ശിവസേന, എൻ.സി.പി. നേതാക്കളുമായി ചർച്ചനടത്തിയ മമതാ ബാനർജി പശ്ചിമ ബംഗാളിനുപുറത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ത്രിപുരയിലും മേഘാലയിലും ഗോവയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്നാൽ ശിവസേനയും എൻ.സി.പി.യും ചേർന്ന് ബി.ജെ.പിയെ ശക്തമായി ചെറുക്കുന്ന മഹാരാഷ്ട്രയിലേക്ക് തൃണമൂൽ കോൺഗ്രസ് കടക്കുമെന്ന് കരുതുന്നില്ല -റാവുത്ത് അഭിപ്രായപ്പെട്ടു.

ബി.ജെ.പിക്കെതിരായ ഐക്യമുന്നണിയുടെ നേതൃത്വം കോൺഗ്രസിനാവില്ലെന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പരാമർശത്തെ വിമർശിക്കുന്ന മുഖപ്രസംഗം കഴിഞ്ഞദിവസം സാമ്‌ന പ്രസിദ്ധീകരിച്ചിരുന്നു.

ബി.ജെ.പിക്കെതിരേ പ്രതിപക്ഷ കക്ഷികളുടെ ഐക്യമുന്നണിയുണ്ടാക്കണമെന്ന് ആഹ്വാനം ചെയ്ത മുഖപ്രസംഗം അതിൽനിന്ന് കോൺഗ്രസിനെ മാറ്റിനിർത്തുന്നത് ഫാസിസ്റ്റ് ശക്തികളെ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ബി.ജെ.പിക്കെതിരേ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുകയെന്നതിനാണ് പ്രധാന്യമെന്നും അതിന്റെ നേതൃത്വം ആർക്കായിരിക്കുമെന്നത് പിന്നീടു ചർച്ചചെയ്യേണ്ട വിഷയമാണെന്നും മുഖപ്രസംഗം പറയുന്നു.