ന്യൂഡൽഹി : സംസ്ഥാനത്ത് ഒരാൾക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ വിദേശ വിമാന സർവീസുകൾ നിയന്ത്രിക്കണമെന്ന ആവശ്യവുമായി വീണ്ടും ഡൽഹി സർക്കാർ. ഒമിക്രോൺ ബാധിത രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ വിലക്കണമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ആവശ്യപ്പെട്ടു.

കോവിഡ് ആരംഭിച്ചപ്പോൾ വിദേശ വിമാന സർവീസുകൾ നിർത്തിവെക്കാൻ ഇന്ത്യ വൈകി. ഇപ്പോൾ ഡൽഹിയിൽ ഒരു ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തിട്ടും അത്തരം രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ നിർത്തുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

ഒമിക്രോൺ സാഹചര്യത്തിൽ വിദേശ വിമാന സർവീസുകൾ നിർത്തണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആവശ്യപ്പെട്ടിരുന്നു.

ടാൻസാനിയയിൽ നിന്നുവന്ന 37-കാരനാണ് ഞായറാഴ്ച ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹിയിലെ ആദ്യ ഒമിക്രോൺ കേസാണിത്. ഇയാൾ ഡൽഹി എൽ.എൻ.ജെ.പി. ആശുപത്രിയിലാണുള്ളത്.

പല രാജ്യങ്ങളും ഒമിക്രോൺ ബാധിത മേഖലയിൽനിന്നുള്ള യാത്ര നിരോധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യ കോവിഡ് തരംഗത്തിലും വിമാന സർവീസുകൾ നിർത്തിവെക്കാൻ ഇന്ത്യ വൈകിയെന്നും കെജ്‌രിവാൾ ആരോപിച്ചു.