ന്യൂഡൽഹി : കോവിഡ് പോരാളികളുടെ സ്മരണക്കായി ഡൽഹി നിയമസഭാ അങ്കണത്തിൽ സ്മൃതികുടീരം നിർമിക്കുമെന്ന് ഡൽഹി സർക്കാർ.

മഹാമാരിയ്ക്കെതിരെ പോരാടുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാർ, നഴ്‌സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ, ശുചീകരണത്തൊഴിലാളികൾ, അധ്യാപകർ തുടങ്ങിയവരുടെ സ്മരണക്കായാണ് സ്മൃതികുടീരം ഒരുക്കുന്നതെന്ന് സ്പീക്കർ രാം നിവാസ് ഗോയൽ അറിയിച്ചു.

ശിലയിൽ തീർക്കുന്ന സ്മൃതികുടീരം 26-ന് അനാച്ഛാദനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിലേക്കുള്ള പ്രവേശന കവാടത്തിന് അരികെ വിത്തൽ ഭായി പട്ടേൽ പ്രതിമയ്ക്ക് സമീപം സ്ഥാപിക്കുന്ന ശില്പത്തിൽ സ്തെതസ്‌കോപ്പ്, ചൂല്, സിറിഞ്ച് തുടങ്ങിവയുടെ ചിത്രങ്ങളും കൊത്തിവയ്ക്കും. ഇതിനായുള്ള അവസാനഘട്ട രൂപരേഖ പൂർത്തിയായി കഴിഞ്ഞു.

സഞ്ചാരികളെ ഇതിലേ

വിനോദസഞ്ചാരികളെ ആകർഷിക്കും വിധം നൂതനമായ ചില മാറ്റങ്ങൾ നിയമസഭാ അങ്കണത്തിൽ ഒരുക്കാൻ ഡൽഹി വിനോദസഞ്ചാരവകുപ്പ് പദ്ധതി തയാറാക്കുന്നുണ്ട്. ചരിത്രം പരിശോധിച്ചാൽ നൂറിലേറെ പഴക്കമുള്ള കഥകൾ പറയാനുണ്ട് ഡൽഹി നിയമസഭ കെട്ടിടത്തിന്. 1911 ലാണ് ഈ കെട്ടിടം നിർമിക്കുന്നത്. 1912 ൽ കൊൽക്കത്തയില്നിന്ന് രാജ്യ തലസ്ഥാനം ഡൽഹിയിലേക്ക് മാറുമ്പോൾ ഈ കെട്ടിടമായിരുന്നു ഭരണസിരാകേന്ദ്രം.

1926ൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി ലോക്‌സഭാ കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ കെട്ടിടം കാലിയായി. ശേഷം ബ്രിട്ടീഷുകാർ ഇത് കോടതിയായി ഉപയോഗിച്ചു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതോടെ കാലന്തരത്തിൽ ഇത് ഡൽഹി സർക്കാരിന് കീഴിലെത്തുകയും നിയമസഭാ മന്ദിരമായി മാറുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച തുരങ്കം അടുത്തിടെ നിയമസഭയ്ക്ക് കെട്ടിടത്തിന് സമീപം കണ്ടെത്തിയിരുന്നു. ഒപ്പം കുറ്റാവാളികളെ തൂക്കിക്കൊല്ലാൻ ഉപയോഗിച്ചിരുന്ന ഫാൻസി ഘറും കണ്ടെത്തിയിരുന്നു. തുരങ്കത്തിന്റെയും ഫാൻസി ഘറിന്റെയും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.

26-ന് ശേഷം ഇവ വിനോദസഞ്ചാരികൾക്ക് തുറന്നു കൊടുക്കും. സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഇതിന് സമീപം ഡൽഹി നിയമസഭയുടെ ചരിത്രവും സ്വാതന്ത്ര്യ സമര ചരിത്രവും വിളിച്ചൊതുന്ന തരത്തിൽ 25 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.