ന്യൂഡൽഹി : കഴിഞ്ഞ ആറുവർഷമായി വയനാട് കളക്ടറേറ്റിനുമുന്നിൽ സത്യാഗ്രഹം നടത്തുന്ന കാഞ്ഞിരത്തിനാൽ ജോർജിന്റെ കുടുംബാംഗങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. സമരം അവസാനിപ്പിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു കത്തയക്കുമെന്ന് സമരസഹായസമിതി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ രാഹുൽ അറിയിച്ചു.

തന്റെ 12 ഏക്കർ കൃഷിഭൂമിയും വീടും വനംവകുപ്പ് നിയമവിരുദ്ധമായി പിടിച്ചെടുത്തത് തിരികെ ലഭിക്കണമെന്ന ആവശ്യവുമായിട്ടാണ് കളക്ടറേറ്റിനുമുന്നിലെ സത്യാഗ്രഹം. വനംവകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമായതിനെത്തുടർന്ന് പകരം സ്ഥലം നൽകാമെന്ന് സംസ്ഥാനസർക്കാർ അറിയിച്ചിരുന്നു. എന്നാൽ, പകരം നൽകാമെന്നു സൂചിപ്പിച്ച സ്ഥലം അനുയോജ്യമല്ലാത്തതിനാൽ സർക്കാർവാഗ്ദാനം നിരസിച്ചു. തുടർന്ന്, വിപണിവില നൽകാമെന്ന് വാഗ്ദാനം നൽകിയിരിക്കുകയാണ് സർക്കാർ. പക്ഷേ, വിപണിവില കണക്കാക്കാനുള്ള മാനദണ്ഡങ്ങൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. തൃപ്തികരമായ വിപണിവില കണക്കാക്കി പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് സമരസഹായസമിതി കൺവീനർ ഷൈജൽ പി.പി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വയനാട് എം.പി.കൂടിയായ രാഹുലിനെ നേരിൽക്കണ്ടപ്പോഴായിരുന്നു ഇടപെടാമെന്ന ഉറപ്പുലഭിച്ചതെന്നും നേതാക്കൾ പറഞ്ഞു. വിഷയം ദേശീയശ്രദ്ധയിൽ കൊണ്ടുവരാനായി കേരളഹൗസിനുമുന്നിൽ ഭൂസമരസഹായസമിതി നടത്താനിരുന്ന പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകിയില്ല. തുടർന്നാണ്, നേതാക്കൾ രാഹുൽഗാന്ധിയെ പരാതിയുമായി സമീപിച്ചത്. ജനറൽ കൺവീനർ പി.പി. ഷൈജലിനുപുറമേ, പി.ടി. ജോൺ, ജോർജ് ജോസഫ്, ഇക്ബാൽ മുട്ടിൽ, ഷഹർബാനു, മടായി ലത്തീഫ്, മുസ്തഫ പയന്തോരത്ത് എന്നിവരും പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.