ന്യൂഡൽഹി : സ്ത്രീപ്രണയത്തിന്റെ സുന്ദരഭാവങ്ങളിൽ തുടിച്ചുനിൽക്കുകയാണ് തെക്കുകിഴക്കൻ ഡൽഹി ഡിഫൻസ് കോളനിയിലെ വധേര ആർട്ട്‌ ഗാലറിയുടെ ചുവരുകൾ. ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ സ്ത്രീകളുടെ പ്രണയത്തിന് എട്ടു മാനസികാവസ്ഥയാണുള്ളത്. രാജസ്ഥാനിലെ ഭീൽ ഗോത്രവർഗ സ്ത്രീകളിൽ ഈ മുഖഭാവം ആവാഹിച്ച് പ്രണയാനുഭവം കാഴ്ചക്കാരിലേക്ക് സന്നിവേശിപ്പിച്ചിരിക്കുകയാണ് വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രൻ. വധേര ഗാലറിയിൽ ‘സബാൾട്ടേൺ അഷ്ടകന്യാസ്’ എന്നപേരിലുള്ള അദ്ദേഹത്തിന്റെ ചിത്രപ്രദർശനം, ഇങ്ങനെ ദൃശ്യാനുഭവങ്ങളുടെ അനുഭൂതിയാവുന്നു.

കോവിഡ് ലോക്‌ഡൗൺ വേളയിൽ ആവിഷ്കരിക്കപ്പെട്ടതാണ് ഈ നായികമാർ. ഭീൽ സ്ത്രീകളുടെ പരമ്പരാഗതവേഷത്തിനൊപ്പം ആ സമൂഹത്തിൽ തുടർന്നുവരുന്ന ചില വസ്ത്രധാരണരീതികളും അദ്ദേഹം പരിചയപ്പെടുത്തുന്നു. ചിത്രത്തിന്റെ മോഡലുകളായി വന്നവരിൽ ചിലർ തലമുടി മറച്ചുള്ള സാരിയുടെ അറ്റം കൈയിൽ പിടിച്ചിട്ടുണ്ട്, ചിലരതു കഴുത്തുവരെ വലിച്ചുപിടിച്ചിരിക്കുന്നു. അതുകൊണ്ടു മുഖം മറഞ്ഞുപോകുമെന്ന് അവർ ഓർക്കുന്നില്ലെന്നതാണ് ഈ ചിത്രത്തിലെ നർമം. എങ്കിലും താനതു കാര്യമാക്കിയില്ലെന്നാണ് ചിത്രകാരന്റെ പക്ഷം. ലാസ്യഭാവത്തിലും ദുഃഖഭാവത്തിലുമുള്ള സാഹചര്യങ്ങൾ ഈ സൃഷ്ടിയിലൂടെ അവതരിപ്പിക്കുന്നുണ്ട്. പരമ്പരാഗതബോധത്തിൽനിന്ന്‌ വ്യതിചലിക്കുന്നവരാണ് തന്റെ നായികമാരെന്ന് രാമചന്ദ്രൻ പറഞ്ഞു. സൗന്ദര്യത്തിലൂടെ ലഭിക്കുന്ന അംഗീകാരം മാത്രമല്ല പ്രണയം, മറിച്ച് ഏതൊരു സ്ത്രീക്കും പുരുഷനും പരസ്പരം ആകർഷണം തോന്നാമെന്ന് രാമചന്ദ്രൻ പറഞ്ഞു.

കോവിഡ് കാലം രാമചന്ദ്രനെ സംബന്ധിച്ച് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. സ്വയം സുരക്ഷിതനാകുന്നതിന്റെ ഭാഗമായി 2020 ഫെബ്രുവരി മുതൽ വീട്ടിൽത്തന്നെ കഴിയുകയാണ് ചിത്രകാരൻ. ഈ സമയത്തെ ഏകാന്തത അതിജീവിക്കാനുള്ള പരിശ്രമത്തിന്റെ ഫലം ‘സബാൾട്ടേൺ നായികമാർ’ എന്ന ചിത്രപരമ്പരയായി പിറവിയെടുത്തു. എൺപതുകളിൽ ഭീൽ ഗ്രാമങ്ങൾ സന്ദർശിച്ചപ്പോഴുള്ള ഓർമകളും അനുഭവങ്ങളും ഈ സൃഷ്ടിക്ക് പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാചീനസമൂഹമായ ഭീലുകളാണ് തന്റെ സൃഷ്ടികളിൽ ഏറ്റവും യോജിക്കുന്നത്. പൗരാണികമായ കെട്ടുകാഴ്ചകളും മരിച്ചുകൊണ്ടിരിക്കുന്ന സംസ്കാരവുമാണ് അവരുടേതെന്നും അദ്ദേഹം പറഞ്ഞു.

മലയാളിക്കു സ്വതസിദ്ധമായിട്ടുള്ള നർമം രാമചന്ദ്രന്റെ സൃഷ്ടികളിലും കാണാനാവുമെന്ന് കലാചരിത്രകാരിയായ രൂപിക ചാവ്‌ല നിരീക്ഷിച്ചു. ഇരുണ്ട നർമവും ആകസ്മികതയും രാമചന്ദ്രന്റെ സൃഷ്ടികളിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ദൃശ്യസർഗാത്മകതയുടെ അയത്നമായ ഉപയോഗത്തിലേക്കാണ് ചിത്രകാരൻ കൂട്ടിക്കൊണ്ടുപോകുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് എ. രാമചന്ദ്രൻ. വധേര ആർട്ട് ഗാലറിയിലെ പ്രദർശനം 12 വരെയുണ്ടാവും. താൻസെൻ മാർഗിലെ ത്രിവേണി കലാസംഗമത്തിലും പ്രദർശനം അരങ്ങേറിയിരുന്നു.