ന്യൂഡൽഹി : വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം ഒന്നാമതാണെന്നതിൽ മറുവാദമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി.

ആർ.കെ. പുരം കേരള എജ്യൂക്കേഷൻ സൊസൈറ്റി സീനിയർ സെക്കൻഡറി സ്കൂളിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെയും മൾട്ടിപർപ്പസ് ഹാളിന്റെയും ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂർണവിശ്വാസത്തോടെ തിരികെപ്പോകാൻ താൻ ആഗ്രഹിക്കുന്ന ഏകജോലി അധ്യാപനമാകുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിന് മാത്രമേ ഒരു സമൂഹത്തിൽ കാതലായ മാറ്റം കൊണ്ടുവരാനാവുകയുള്ളൂ. പഠനത്തിന് ശേഷം ഡൽഹി സെയ്ന്റ് സ്റ്റീഫൻ കോളേജിൽ താത്കാലിക അധ്യാപകനായാണ് തന്റെ ആദ്യ ഔദ്യോഗികജീവിതം ആരംഭിച്ചത്.

ഒരു ഇന്ത്യൻ മധ്യവർഗത്തിലെ കുടുംബാംഗമെന്ന നിലയിൽ സ്ഥിരതയുള്ള ജോലി കുടുംബം ആഗ്രഹിച്ചതിനാലാണ് സിവിൽ സർവീസിലേക്ക് തിരിഞ്ഞത്. ശേഷം ഐ.എഫ്.എസ്. എടുത്ത് 34 വർഷം ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗമായി. വിരമിച്ചതിന് ശേഷം മന്ത്രിസഭയിൽ അംഗമായി തുടരുന്നു. ഇപ്പോഴും ഒഴിവുസമയങ്ങൾ വായനയും പഠനവുമായാണ്‌ ചെലവഴിക്കുന്നത്. തന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും മലയാളികളാണ്. കേരള എജ്യൂക്കേഷൻ സൊസൈറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണെന്ന് വിലയിരുത്തിയ അദ്ദേഹം കുട്ടിക്കാലത്ത് ആർ.കെ. പുരം സെക്ടർ മൂന്നിലും ഒമ്പതിലും ജീവിച്ച കാലത്തെക്കുറിച്ചുള്ള കഥകളും പങ്കു​െവച്ചു.

കേന്ദ്രമന്ത്രി മീനാക്ഷി ലേഖി മുഖ്യാതിഥിയായി. കേരള എജ്യൂക്കേഷൻ സൊസൈറ്റി അധ്യക്ഷൻ ബാബു പണിക്കർ, സെക്രട്ടറി സേതുമാധവൻ, സ്കൂൾ ചെയർമാൻ കെ.പി. മേനോൻ, വൈസ് ചെയർമാൻ അജിത്ത് കുമാർ, പ്രിൻസിപ്പൽ മീരാ നായർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി. ഉദ്ഘാടനത്തിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.