ന്യൂഡൽഹി : യു.പി.-ഡൽഹി അതിർത്തിയിലെ ഗാസിപ്പുരിൽ നടക്കുന്ന കർഷകപ്രക്ഷോഭം കൂടുതൽ കരുത്താർജിക്കുന്നു. ബിഹാറിൽനിന്നുള്ള അഞ്ഞൂറിലേറെ കർഷകർ വെള്ളിയാഴ്ച ഗാസിപ്പുരിലെത്തി. അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിലുള്ളതാണ് ഈ സമരവൊളന്റിയർമാർ.

നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റിലെ കൂടുതൽ പേർ അടുത്തിടെ സമരകേന്ദ്രത്തിൽ എത്തിച്ചേർന്നിരുന്നു. ഇങ്ങനെ, പലയിടങ്ങളിൽനിന്നായി കൂടുതൽ പേരെത്തി സമരം ശക്തിയാർജിക്കുകയാണെന്ന് കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു.

ബിഹാറിൽനിന്നുള്ള അഞ്ഞൂറിലേറെ കർഷകർ ഒരാഴ്ച ഗാസിപ്പുരിൽ തമ്പടിക്കുമെന്ന് കിസാൻസഭ നേതാക്കളായ അശോക് ധാവ്‌ളെയും ഹനൻമൊള്ളയും അറിയിച്ചു. സമര വൊളന്റിയർമാരെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ കിസാൻസഭ ജോ. സെക്രട്ടറി എൻ.കെ. ശുക്ല, ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് ഗാസിപ്പുർ സമരകേന്ദ്രത്തിലെ ഉപരോധം. മുഖ്യമായും പടിഞ്ഞാറൻ യു.പി.യിൽ നിന്നുള്ളവരാണ് ഇവിടെ തമ്പടിച്ചിട്ടുള്ള കർഷകർ.