ന്യൂഡൽഹി : സി.ബി.എസ്.ഇ. നടപ്പാക്കിയ പത്ത്, 12 ക്ലാസുകളിലെ രണ്ടുഘട്ട ക്ലാസുകൾ ഡൽഹിയിലെ ഒമ്പത്, 11 ക്ലാസുകളിലും പിന്തുടരണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു. പൊതു-സ്വകാര്യ സ്കൂളുകളെല്ലാം ഈ വ്യവസ്ഥ പിന്തുടരണമെന്നാണ് നിർദേശം.

ഇടക്കാലപരീക്ഷ, വാർഷികപരീക്ഷ എന്നിങ്ങനെ രണ്ടുതവണപരീക്ഷ നടപ്പാക്കാൻ സി.ബി.എസ്.ഇ. തീരുമാനിച്ചിട്ടുണ്ട്. ഓരോന്നിലും അമ്പതുശതമാനംവീതം സിലബസുണ്ടാവും. വിഷയാധിഷ്ഠിത മാർക്ക് സ്കൂളുകൾ പങ്കുവെക്കണം. അന്തിമഫലം വിലയിരുത്താൻ ഓരോ തവണയ്ക്കും അമ്പതുശതമാനം വെയിറ്റേജ് മാർക്കും നൽകിയിരിക്കണം.

ഒന്നരമണിക്കൂർ ദൈർഘ്യമുള്ളതാവും ആദ്യഘട്ടം അഥവാ ഇടക്കാലപരീക്ഷ. ഇത് ഒക്ടോബറിലോ നവംബറിലോ നടത്തും. രണ്ടാംഘട്ടപരീക്ഷ രണ്ടുമണിക്കൂറായിരിക്കും. ഒന്നിലേറെ ഉത്തരങ്ങൾ നൽകി അതിൽ ശരിയായത്‌ തിരഞ്ഞെടുക്കുന്ന തരത്തിലാവും ആദ്യഘട്ട പരീക്ഷ. രണ്ടാംഘട്ടത്തിൽ ഉത്തരം വിവരിച്ച് എഴുതാവുന്ന വിധത്തിൽ ചെറുതും വലുതമായ ചോദ്യങ്ങളുണ്ടാവും -വിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി.

അധ്യയനവർഷത്തെ രണ്ടുഭാഗങ്ങളാക്കിത്തിരിച്ചുകൊണ്ടുള്ളതാണ് സി.ബി.എസ്.ഇ. വ്യവസ്ഥ. പത്ത്, 12 ക്ലാസുകൾക്കായി കോവിഡ് സാഹചര്യത്തിൽ തയ്യാറാക്കിയതാണ് ഈ രീതി. ആഭ്യന്തരവിലയിരുത്തൽ, പഠനപ്രവർത്തനങ്ങൾ തുടങ്ങിയവയൊക്കെ സി.ബി.എസ്.ഇ. ശുപാർശ ചെയ്തു. ആദ്യഘട്ടപരീക്ഷ നവംബർ-ഡിസംബർ മാസങ്ങളിലും അന്തിമഘട്ടം അടുത്തവർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിലും നടത്താനാണ് സി.ബി.എസ്.ഇ. തീരുമാനം.