ന്യൂഡൽഹി : തലസ്ഥാനത്ത് 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. നഗരത്തിലെ 76 സ്കൂളുകളിലായി 301 വാക്സിനേഷൻകേന്ദ്രങ്ങൾ സജ്ജമാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ മൂവായിരം വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കുമെന്ന് കോവിഡ് ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

വാക്സിനേഷൻ ആരംഭിച്ച തിങ്കളാഴ്ച സിസോദിയ വെസ്റ്റ് വിനോദ് നഗറിലെ സർവോദയ കന്യാ വിദ്യാലയം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഇവിടെ അഞ്ചുസ്ഥലങ്ങൾ വാക്സിൻ നൽകാനായി ഒരുക്കിയിട്ടുണ്ട്. ഡൽഹി സർക്കാരിന് നാലരലക്ഷം ഡോസ് വാക്സിൻ ലഭിച്ചതായി സിസോദിയ പറഞ്ഞു. നഗരത്തിലെ 45,100 പേർക്കു വാക്സിൻ നൽകും. ഇതിനായി 76 സ്കൂളുകളിലായി 301 വാക്സിൻകേന്ദ്രങ്ങൾ ഒരുക്കി. പതിനെട്ടിനും 45-നും വയസിനിടയിലുള്ള എല്ലാവർക്കും വാക്സിൻ ലഭിക്കുന്നുണ്ടെന്ന് സംസ്ഥാനസർക്കാർ ഉറപ്പുവരുത്തും. ഓരോ സ്കൂളിലും പത്തു വീതം വാക്സിനേഷൻകേന്ദ്രങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനസർക്കാരെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.

ആദ്യദിനത്തിൽ 250 പേർക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചിരുന്നു. മുഴുവൻപേരും വാക്സിനെടുക്കാനെത്തി. നമ്മുടെ യുവാക്കൾ വാക്സിനെടുക്കാൻ കൂടുതൽ താത്‌പര്യമെടുത്തു രംഗത്തുവരുന്നുണ്ട്. ഒട്ടേറെപേരുമായി നേരിട്ടു സംസാരിച്ചു. വാക്സിനെടുക്കുന്നതിൽ ഒരു ബുദ്ധിമുട്ടും നേരിട്ടില്ലെന്ന് അവർ പറഞ്ഞു. രജിസ്റ്റർചെയ്യുന്നതിൽ നേരിയ ബുദ്ധിമുട്ടുണ്ടായി.

സർക്കാരിന്റെ പക്കൽ നാലരലക്ഷം ഡോസേ വാക്സിൻ ഉള്ളൂവെന്നതിനാലാണ് ഇതെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതൽപേർക്ക് വാക്സിൻ ലഭ്യമാക്കാൻ കൂടുതൽ കേന്ദ്രങ്ങൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. വാക്സിൻ ലഭ്യമാക്കാൻ വിവിധ കമ്പനികളുമായി ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓക്സിജൻലഭ്യത ഉറപ്പാക്കാൻ വിവിധ തലങ്ങളിലുള്ളവരോട് സഹായം അഭ്യർഥിച്ചു. 500 കിടക്കകളും ട്രക്കുകളും ലഭ്യമാക്കാൻ കരസേനയോടും ഡി.ആർ.ഡി.ഒ.യോടും അഭ്യർഥിച്ചു. എന്നാൽ, ഓക്സിജൻ വിതരണമാണ് മുഖ്യം. സ്വകാര്യസ്ഥാപനങ്ങൾ, സാമൂഹികമേഖല, കേന്ദ്രസർക്കാർ തുടങ്ങി വിവിധ തട്ടുകളിലുള്ളവരുമായി ആശയവിനിമയം നടത്തിവരുന്നു.

ഞായറാഴ്ച 440 മെട്രിക് ടൺ ഓക്സിജൻ ലഭിച്ചു. ഡൽഹിക്ക് അനുവദിച്ച 590 മെട്രിക് ടൺ ക്വാട്ടയേക്കാൾ കുറവാണിത്. യഥാർഥത്തിൽ ഡൽഹിക്ക് 976 മെട്രിക് ടൺ ഓക്സിജൻ ആവശ്യമുണ്ടെന്നും സിസോദിയ ആവർത്തിച്ചു.മന്ത്രി ഗോപാൽ റായ് ശാഹ്ദ്രയിലെ വാക്സിനേഷൻകേന്ദ്രം സന്ദർശിച്ചു.

നിലവിൽ നഗരത്തിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലായി 77 വാക്സിനേഷൻകേന്ദ്രങ്ങൾ തുറന്നതായി ഗോപാൽ റായ് പറഞ്ഞു. ഡൽഹിയിലെ 272 മുനിസിപ്പൽ വാർഡുകളിലും വാക്സിനേഷൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. പതിനെട്ടു വയസിനുമുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകി കൊറോണയിൽനിന്നും പരമാവധി ജീവനുകൾ രക്ഷിക്കുമെന്നും ഗോപാൽ റായ് പറഞ്ഞു.