ന്യൂഡൽഹി : ഓക്സിജൻ ക്ഷാമത്തിൽ വീർപ്പുമുട്ടുന്ന തലസ്ഥാനത്തേക്ക്‌ പ്രാണവായുവുമായി വീണ്ടും ഓക്സിജൻ എക്സ്‌പ്രസ് എത്തുന്നു. ഡൽഹിയിലേക്ക് 205 ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ എത്തുമെന്ന് റെയിൽവേ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഓക്സിജൻ എക്സ്‌പ്രസ് എത്തും.

പശ്ചിമബംഗാളിലെ ദുർഗാപുരിൽ നിന്നും ആറു ടാങ്കറുകളിലായിട്ടാണ് ട്രെയിനിൽ ഓക്സിജൻ എത്തുന്നത്. ഗുജറാത്തിലെ ഹാപ്പയിൽ നിന്നും നാലു ടാങ്കറുകളിലായി 85 ടൺ ഓക്സിജൻ ഡൽഹിയിലെത്തിക്കും. ഇവിടെനിന്നുള്ള വണ്ടി ഉടൻ ഗുഡ്ഗാവിലെത്തും. തുടർന്ന്, ഡൽഹി സർക്കാരിന്റെ ട്രക്കുകളിൽ ഓക്സിജൻ നഗരത്തിലെത്തിക്കും.

തിങ്കളാഴ്ച വൈകീട്ടോടെ ഒഡിഷയിലെ അംഗുലിയിൽ നിന്നും 30.86 ടൺ ഓക്സിജനുമായി ഡൽഹിയിൽ വണ്ടി എത്തുമെന്ന് കഴിഞ്ഞ ദിവസം റെയിൽവേ അറിയിച്ചിരുന്നു. പക്ഷേ, ഇത് ഹരിയാണയിലേക്കുള്ളതായിരുന്നു. ഏറ്റവും ഉയർന്ന പ്രതിദിന ലോഡ് ഓക്സിജൻ ചൊവ്വാഴ്ച രാവിലെ എത്തുമെന്ന് റെയിൽവേ അറിയിച്ചു. ദുർഗാപുരിൽ നിന്നുള്ള 120 ടണ്ണും ഹാപ്പയിൽനിന്നുള്ള 85 ടണ്ണും കൂടിയുള്ള ഓക്സിജനാണിതെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങൾക്കായി 76 ടാങ്കറുകളിൽ ഇതുവരെ 1125 ടൺ ഓക്സിജൻ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റെയിൽവേയുടെ വിശദീകരണം. മൊത്തം 20 ഓക്സിജൻ ട്രെയിനുകൾ ഇതിനകം സർവീസ് പൂർത്തിയാക്കിക്കഴിഞ്ഞു. ഏഴു ട്രെയിനുകളിലായി 422 ടൺ ഓക്സിജൻ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.